കർഷക മണ്ണിൽ ബി.ജെ.പിയുടെ പ്രതിരോധ പൂട്ട് പൊളിച്ച് സി.പി.എം; സിക്കറിൽ ചെങ്കൊടി പാറിച്ച് അമ്ര റാം
text_fieldsസി.പി.എം സ്ഥാനാർഥി അംറ റാം
ഒരു കാലത്ത് ഇടതുപാർട്ടികളുടെ കോട്ടയായിരുന്ന രാജസ്ഥാനിലെ ശെഖാവതി മേഖലയിലെ സിക്കാർ സീറ്റിൽ അഭിമാനപോരാട്ടത്തിൽ അധികാരം പിടിച്ച് സി.പി.എം. രാജ്യത്തെ കർഷക പോരാട്ടങ്ങളുടെ മുഖമായ നാല് തവണ എം.എൽ.എയായ അമ്ര റാമാണ് പാർട്ടിയുടെ അഭിമാനം കാത്തത്. രണ്ട് തവണ സിറ്റിങ് എം.പിയായ ബി.ജെ.പിയുടെ സുമേദാനന്ദ സരസ്വതിക്കെതിരെയാണ് കർഷക നേതാവായ റാമിന്റെ വിജയം.
രാജസ്ഥാനിലെ കർഷക പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷത്തിന്റെയും മുഖമാണ് അമ്ര റാം. നേരത്തെ അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റും നിലവിൽ വൈസ് പ്രസിഡന്റുമായ റാം സി.പി.എം സംസ്ഥാന സെക്രട്ടറിയാണ്. സിക്കാറിലെ ധോഡ് നിയമസഭ സീറ്റിൽ മൂന്ന് തവണയും ദന്തറാംഗഡിൽനിന്ന് ഒരു തവണയും എം.എൽ.എയായിട്ടുണ്ട്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ അക്കൗണ്ട് തുറക്കാൻ പോലും കഴിയാതിരുന്നിടത്താണ് ഇൻഡ്യ സഖ്യത്തിലൂടെ ഈ 72കാരന്റെ തിരിച്ചുവരവ്. 2023ൽ ദന്തറാംഗഡിൽ നിയമസഭ സീറ്റിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അമ്ര റാം പ്രതാപകാലത്തെ തന്റെ കബഡിതാരത്തിന്റെ മെയ്‍വഴക്കത്തിലൂടെയാണ് ബി.ജെ.പിയുടെ പ്രതിരോധ പൂട്ട് പൊളിച്ച് വിജയത്തിലേക്ക് കുതിച്ചത്.
1971ൽ കർണാടകയിലെ ഷിമോഗയിൽ നടന്ന ദേശീയ ഓപ്പൺ കബഡി ചാമ്പ്യൻഷിപ്പിൽ രാജസ്ഥാനുവേണ്ടി കളിച്ച താരമാണ് അമ്രാ റാം. 1982 സ്കൂൾ അധ്യാപകനായ അദ്ദേഹം പിന്നീട് ആ ജോലി രാജിവെച്ചാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.
1955 ആഗസ്റ്റ് അഞ്ചിന് രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ മുണ്ഡ്‌വാര ഗ്രാമത്തിൽ റാമി ദേവിയുടെയും ദല്ലാറാമിന്റെയും മകനായി കർഷക കുടുംബത്തിലാണ് ജനനം. എം.കോം ബിരുദധാരിയായ അദ്ദേഹം ഖൊരക്പൂർ സർവകലാശാലയിൽനിന്ന് ബി.എഡും കരസ്ഥമാക്കി ജോലിയിൽ പ്രവേശിച്ചെങ്കിലും സിക്കാറിലെയും സമീപ ജില്ലകളിലെയും ദുരിതപൂർണമായ ജനജീവിതം തൊട്ടറിഞ്ഞ അദ്ദേഹം കർഷകരടക്കമുള്ള അടിസ്ഥാന വർഗത്തിനായി രാഷ്ട്രീയത്തിന്റെ വഴിതെരഞ്ഞെടുത്തു. കല്യാൺ ഗവ. കോളജിൽ പഠിക്കുമ്പോൾ തന്നെ സജീവ വിദ്യാർഥി രാഷ്ട്രീയം കൈമുതലായുണ്ട്. കോളജ് യൂനിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് എസ്.എഫ്.ഐയുടെ രാജസ്ഥാൻ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
കർഷകരുടെ വായ്പ എഴുതിത്തള്ളൽ, മിനിമം താങ്ങുവില തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖില ഭാരതീയ കിഷൻ സഭയുടെ നേതൃത്വത്തിൽ 2017 സെപ്റ്റംബർ ഒന്നിന് രാജസ്ഥാനിൽ നടന്ന വൻ കർഷക പ്രക്ഷോഭത്തിന് ഊർജം പകർന്ന മുൻനിര നേതാവായിരുന്നു റാം. കർഷകരുടെ ഏത് ആവശ്യത്തിനും മുന്നിലുണ്ടായിരുന്ന അദ്ദേഹം 2020-21 ലെ 13 മാസം നീണ്ടുനിന്ന കർഷകപ്രക്ഷോഭത്തിന് രാജ്യത്തെ എല്ലാ കർഷക സംഘങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

