പ്രതിഷേധം കനക്കുന്നു; അമിത് ഷായുടെ ഷില്ലോങ് സന്ദർശനം റദ്ദാക്കി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് കനക്കുന്നതിനിടെ ഞായറാഴ്ച നടക്കാനിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഷില്ലോങ് സന്ദർശനം റദ്ദാക്കി. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ ആണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച അരുണാചൽ പ്രദേശും അദ്ദേഹം സന്ദർശിക്കില്ല.
പാസിംഗ് ഒൗട്ട് പരേഡിനായാണ് അമിത് ഷാ ഷില്ലോങിലെ നോർത്ത് ഈസ്റ്റ് പൊലീസ് അക്കാദമി സന്ദർശിക്കാൻ നിശ്ചയിച്ചിരുന്നത്. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ ശനിയാഴ്ചയും തിങ്കളാഴ്ചയും ഝാർഖണ്ഡ് സന്ദർശിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
പ്രതിഷേധത്തിനിടയിൽ മൂന്ന് ഉന്നത സന്ദർശനങ്ങളാണ് റദ്ദാക്കപ്പെട്ടത്. ഗുവാഹത്തിയിൽ അടുത്തയാഴ്ച നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനിരുന്ന ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ തൻെറ സന്ദർശനം റദ്ദാക്കിയിരുന്നു. രണ്ട് ബംഗ്ലാദേശ് മന്ത്രിമാരും സന്ദർശിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ലാത്തി ചാർജും ഉപയോഗിച്ചു. അടുത്ത 48 മണിക്കൂർ നേരത്തേക്ക് മേഘാലയയിൽ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. അസമിൽ വ്യാഴാഴ്ച നടന്ന പോലീസ് വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. അസമിലുടനീളം സൈന്യം പട്രോളിംഗ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
