രാഹുലിന്റെ ചോദ്യങ്ങൾക്ക് അമിത് ഷായുടെ മറുപടി
text_fieldsന്യൂഡൽഹി: മൂന്ന് ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി തന്നോട് ചോദിച്ചതെന്ന് പറഞ്ഞ അമിത് ഷാ ലോക്സഭയിൽ നൽകിയ മറുപടി: ഒന്ന്- തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കാനുള്ള സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്തത് എന്തുകൊണ്ടാണെന്നാണ് രാഹുലിന്റെ ഒന്നാമത്തെ ചോദ്യം. സ്വാതന്ത്ര്യം ലഭിച്ച് 73 വർഷമായിട്ടും കമീഷനെ നിയമിക്കാൻ രാജ്യത്ത് ഒരു നിയമമില്ലായിരുന്നു. തുടർന്ന് ഇതിനായുള്ള ഹരജിയിൽ നിയമമുണ്ടാക്കാൻ സുപ്രീംകോടതി പറഞ്ഞത് പ്രകാരമാണ് പ്രധാനമന്ത്രിയെയും അദ്ദേഹം നിർദേശിക്കുന്ന ഒരു കേന്ദ്രമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഉൾപ്പെടുത്തി മൂന്നംഗ സമിതിക്ക് നിയമം കൊണ്ടുവന്നത്. അതുവരെ സുപ്രീംകോടതി നിർദേശിച്ച താൽക്കാലിക സംവിധാനമായിരുന്നു. 1950 മുതൽ 1989 വരെ പ്രധാനമന്ത്രി ഒറ്റക്ക് കമീഷനെ നിർദേശിച്ച് രാഷ്ട്രപതിക്ക് കത്തയക്കുകയായിരുന്നു. കോൺഗ്രസ് ഭരിച്ച 55 വർഷവും ഇതാണ് ചെയ്തത്. ഇപ്പോൾ 66 ശതമാനം സർക്കാറും 33 ശതമാനം പ്രതിപക്ഷവുമാണെങ്കിൽ അന്ന് 100 ശതമാനവും സർക്കാറായിരുന്നു.
രണ്ട്- മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കും തെരഞ്ഞെടുപ്പ് കമീഷണർമാർക്കും എതിരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടികളിൽനിന്ന് പരിരക്ഷ നൽകി 2023ൽ നിയമം കൊണ്ടുവന്നത് എന്തിനാണെന്നതാണ് രണ്ടാമത്തെ ചോദ്യം. 1950ലെ ജനപ്രാതിനിധ്യ നിയമത്തിൽ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരിരക്ഷ മാത്രമേ 2023ൽ തങ്ങൾ കൊണ്ടുവന്ന നിയമത്തിനും ഉള്ളൂ.
മൂന്ന്- പോളിങ് ബൂത്തുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ 45 ദിവസത്തിനകം നശിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സർക്കുലർ ഇറക്കിയത് എന്തിനാണെന്നാണ് രാഹുലിന്റെ ചോദ്യം. ഒരു പോളിങ് ബൂത്തിൽ റീപോളിങ് വേണോ വേണ്ടയോ എന്നത് പരിശോധിക്കാൻ വേണ്ടി മാത്രം സി.സി.ടി.വി കാമറ സ്ഥാപിക്കൽ കമീഷൻ കൈക്കൊണ്ട ആഭ്യന്തര നടപടിയാണ്. പോളിങ് കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഹരജി സമർപ്പിക്കുന്നതിന് 45 ദിവസത്തെ സമയപരിധി നേരത്തേയുള്ള നിയമത്തിൽ നിശ്ചയിച്ചതായിരുന്നു. അന്നൊന്നും സി.സി.ടി.വി ഇല്ലായിരുന്നു. ഇപ്പോൾ സി.സി.ടി.വി കൊണ്ടുവന്നപ്പോൾ അവക്കും തെരഞ്ഞെടുപ്പ് പരാതിക്കുള്ള സമയപരിധി പോലെ 45 ദിവസം നിശ്ചയിച്ചതാണെന്നും കോടതി നശിപ്പിക്കരുതെന്ന് പറഞ്ഞാൽ നശിപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

