മറുപടിക്ക് അമിത് ഷാ; പോരെന്ന് പ്രതിപക്ഷം
text_fieldsവിദ്യാർഥി പ്രക്ഷോഭകർക്കെതിരായ പൊലീസ് നടപടിയിലും രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിലും കേന്ദ്രസർക്കാർ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധ പരിപാടി
ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ മറുപടി പറയാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാണെന്നും അതിനാൽ പാർലമെന്റ് സ്തംഭിപ്പിക്കുന്നതിൽനിന്ന് പിന്മാറണമെന്നുമുള്ള സർക്കാർ നിർദേശം കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം തള്ളി. രാമക്ഷേത്ര കൊള്ളയിൽ ചർച്ച വേണമെന്ന ആവശ്യം കൂടി അംഗികരിക്കാതെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്ന് പ്രതിപക്ഷം അറിയിക്കുകയായിരുന്നു. വർഷകാല സമ്മേളനം നാളെ അവസാനിക്കാനിരിക്കെ സുപ്രധാന അജണ്ടകളായ മണ്ഡല പുനർ നിർണയ ബില്ലിനും എഫ്.സി.ആർ.എ ഭേദഗതി ബില്ലിനും വഴിയൊരുക്കാൻ പാടുപെടുമ്പോഴാണ് സർക്കാറിനെ പ്രതിപക്ഷം സമ്മർദത്തിലാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച ഒരു മണിക്ക് പുതിയ പാർലമെന്റ് മന്ദിരത്തിൽ ചേർന്ന കാര്യോപദേശക സമിതി യോഗത്തിൽ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ്, പൊലീസ് അതിക്രമത്തിൽ മറുപടി നൽകാമെന്ന നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ, പ്രതിപക്ഷത്തുനിന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത ലോക്സഭാ ഉപനേതാവ് ഗൗരവ് ഗോഗോയ് ഈ ആവശ്യം തള്ളി. രാഹുൽ ഗാന്ധിയാണ് സമവായത്തിനുള്ള തടസ്സമെന്ന് മുതിർന്ന മന്ത്രി യോഗശേഷം പരസ്യമായി രോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ജൂലൈ 20ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനുനേരെ ഡൽഹി പൊലീസും ദ്രുതകർമസേനയും യൂനിഫോമിലല്ലാത്ത അജ്ഞാതരും ചേർന്ന് നടത്തിയ ആക്രമണത്തെ തുടർന്നാണ്, പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടങ്ങിയത്. വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ അമിത് ഷാക്കെതിരായ ആക്രമണം കോൺഗ്രസ് കടുപ്പിക്കുമ്പോൾ സമാജ്വാദി പാർട്ടി രാമക്ഷേത്ര കൊള്ളയിലെ ചർച്ചയിലാണ് ഊന്നിയിരുന്നത്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് എസ്.പി രാമക്ഷേത്ര കൊള്ളയിൽ പിടിച്ചത്. ഡി.എം.കെ മുന്നണി വിടുകയും തൃണമൂൽ കോൺഗ്രസ് പിളർന്ന് ലോക്സഭയിൽ നാമാവശേഷമാവുകയും ചെയ്തതോടെ ഇൻഡ്യ സഖ്യത്തിൽ അവശേഷിക്കുന്ന പ്രബല കക്ഷിയായ എസ്.പിയെ ചേർത്തുപിടിക്കാനാണ്, രാമക്ഷേത്ര കൊള്ള ചർച്ചകൂടി അനുവദിക്കാതെ സമവായം സാധ്യമല്ലെന്ന് കോൺഗ്രസ് നിലപാടെടുത്തത്. മോദിയും അമിത് ഷായും രണ്ടാഴ്ച കഴിഞ്ഞിട്ടും പാർലമെന്റിന്റെ ഇരുസഭകളിലും വരാതിരുന്നതോടെ പ്രതിഷേധം കടുത്തു. അതിനിടയിലാണ്, സമ്മേളനം തീരാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കേ പ്രതിപക്ഷവുമായി സമവായത്തിലെത്താൻ അവസാന നീക്കം കേന്ദ്ര സർക്കാർ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

