'സ്റ്റാലിൻ ഇവിടെയുള്ളിടത്തോളം കാലം അത് സംഭവിക്കില്ല; അമിത് ഷായുടെ ആരോപണങ്ങൾ തെറ്റ്'
text_fieldsഡിണ്ടിഗൽ: തമിഴ്‌നാട്ടിൽ ഹിന്ദുക്കളുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്നു എന്ന ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ആരോപണം പൂർണമായും തെറ്റാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഒരു സർക്കാർ പരിപാടിയിൽ സംസാരിക്കവെയാണ് സ്റ്റാലിൻ അമിത് ഷായുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. തന്റെ സർക്കാർ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട ആളുകളുടെയും വിശ്വാസങ്ങളെ ബഹുമാനിക്കുകയും അവരുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'നമ്മുടേതുപോലുള്ള ഒരു സംസ്ഥാനത്ത്, ഹിന്ദുക്കളുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്നു എന്ന ആഭ്യന്തരമന്ത്രിയുടെ ആരോപണം പൂർണമായും തെറ്റാണ്. കലാപങ്ങളും ഭിന്നിപ്പും സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരുടെ മാനസികാവസ്ഥ തമിഴ്‌നാട്ടിൽ വിജയിച്ചിട്ടില്ല. സ്റ്റാലിൻ ഇവിടെയുള്ളിടത്തോളം കാലം അത് സംഭവിക്കില്ല' -അദ്ദേഹം പറഞ്ഞു. ഭാവിയിലും അങ്ങനെയൊന്ന് സംഭവിക്കില്ലെന്നും സംഭവിക്കാൻ അനുവദിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
ഡി.എം.കെ ഹിന്ദുമതത്തോടും സംസ്ഥാനത്തെ ഹിന്ദുക്കളുടെ വികാരങ്ങളോടും നിരന്തരം അനാദരവ് കാണിക്കുന്നുവെന്നാണ് അമിത് ഷാ ആരോപിച്ചത്. ഡി.എം.കെ സർക്കാറിനെ അഴിമതിയുടെ പ്രതീകമെന്ന് അമിത് ഷാ വിശേഷിപ്പിച്ചു. ഹിന്ദുക്കളുടെ വിശ്വാസങ്ങളെ നിരന്തരം അപമാനിക്കുകയാണെന്നും 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ തമിഴ്നാട്ടിൽ അധികാരം പിടിച്ചെടുക്കുമെന്നും പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ തമിഴകം തലൈ നിമിർ തമിഴന്റെ പയനം സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന രീതി തമിഴ്നാട് സർക്കാറിനുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന വേളയിൽ തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭരണകക്ഷിയിലെ മുതിർന്ന നേതാക്കൾ സനാതന ധർമത്തെ ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്തു. ഹിന്ദു മത ഘോഷയാത്രകൾ നിർത്തിവെച്ചിരിക്കുകയാണെന്നും വിഗ്രഹ നിമജ്ജനം നിരോധിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

