അമിത് ഷാ കേരളത്തിലേക്ക്; തെരഞ്ഞെടുപ്പ് അജണ്ടയുമായി നാലു സംസ്ഥാനങ്ങളിലെ പര്യടനം; തന്ത്രങ്ങൾക്ക് രൂപം നൽകും
text_fieldsഅമിത് ഷാ
ന്യൂഡൽഹി: കേരളം ഉൾപ്പെടെ 2026ൽ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തെരഞ്ഞെടുപ്പ് സജ്ജമാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെത്തുന്നു. അസ്സാം, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം എന്നീ നാലു സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കേന്ദ്ര മന്ത്രി സന്ദർശിക്കും. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രം മെനയാനും, താഴെ തട്ടിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമുള്ള ലക്ഷ്യവുമായാണ് നാല് സംസ്ഥാന പര്യടനങ്ങൾ നടത്തുന്നത്. ബിഹാറിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ വമ്പൻ വിജയത്തിന്റെ ആവേശത്തിൽ, താഴെകിടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ബി.ജെ.പി ഭരണകക്ഷിയായ അസ്സമിലേക്കാണ് ആദ്യ പര്യടനം. ഞായറാഴ്ച ഗുവാഹതിയിലെത്തുന്ന അമിത് ഷാ രണ്ടു ദിവസങ്ങളിൽ സംസ്ഥാനത്ത് തുടരും. നാലു സംസ്ഥാനങ്ങളിൽ അസ്സമിൽ മാത്രമാണ് ബി.ജെ.പി ഭരണത്തിലുള്ളത്. മറ്റിടങ്ങളിൽ ശക്തിതെളിയിക്കാനും, ബംഗാളിൽ അധികാരം പിടിക്കാനുമുള്ള തയ്യാറെടുപ്പുമായാണ് തയ്യാറെടുപ്പ്. ഡിസംബർ 30,31 തീയതികളിൽ പശ്ചിമ ബംഗാളും സന്ദർശിക്കും. പുതുവർഷത്തിലെ ആദ്യ ആഴ്ചയിൽ തമിഴ്നാട്ടിലും, രണ്ടാം വാരത്തിൽ കേരളത്തിലുമെത്തും.
തെരഞ്ഞെടുപ്പുവരെ മാസത്തിൽ രണ്ടു ദിവസം എല്ലാ സംസ്ഥാനങ്ങളിലും സന്ദർശിച്ച് ഏകോപനത്തിന് നേതൃത്വം നൽകുകയാണ് അമിത്ഷായുടെ ലക്ഷ്യം.
മൂന്ന് സംസ്ഥാനങ്ങളിലും ശക്തി പ്രകടിപ്പിക്കാനും, സീറ്റ് എണ്ണം വർധിപ്പിക്കാനും ലക്ഷ്യമിട്ട് വിപുലമായ പ്രവർത്തന പദ്ധതികളാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ആസൂത്രണം ചെയ്യുന്നത്.
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടം കൊയ്യുകയും, തലസ്ഥാന നഗരിയായ തിരുവനന്തപുരം കോർപറേഷനിൽ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധ നൽകും. നിലവിൽ കേരള നിമസഭയിൽ ഒരു അംഗം പോലുമില്ലാത്ത ബി.ജെ.പി, കൂടുതൽ സീറ്റ് ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളുമായാണ് കേരളത്തിലിറങ്ങുന്നത്.
പന്ന പ്രമുഖ്’ മുതൽ ‘ബൂത്ത് മാനേജ്മെന്റ്’ വരെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ
ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ശ്രദ്ധേയമായ പന്ന പ്രമുഖ് മുതൽ ‘മേരാ ബൂത്ത് സബ്സേ മജ്ബൂത്ത്’ കാമ്പയിൻ വരെ സമഗ്ര തന്ത്രവുമാണ് അമിത് ഷായുടെ നേതൃത്വത്തിൽ നാലു സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പിന് കച്ച മുറുക്കുന്നത്. താഴെ തട്ടിലുള്ള ‘പന്ന പ്രമുഖ്’ സംവിധാനി കൂടുതൽ ശക്തിപ്പെടുത്തു. വോട്ടർപട്ടികയിലെ ഒരു പേജിന്റെ ചുമതല ഒരാൾക്ക് എന്നാണ് ‘പേജ് ഇൻ ചാജ്’ (പന്ന പ്രമുഖ്) വഴി ലക്ഷ്യമിടുന്നത്. 30 മുതൽ 60 വരെ വോട്ടർമാരാണ് ഒരു പേജിലുള്ളത്. വോട്ടുകൾ താഴെകിടയിൽ തന്നെ ഉറപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ബൂത്ത്‍ തലത്തിൽ പാർട്ടി പ്രവർത്തനം ശക്തമാക്കുന്ന ‘മേരാ ബൂത്ത് സബ്സേ മജ്ബൂത്ത്’ (എന്റെ ബൂത്ത് ഏറ്റവും ശക്തം) വഴി താഴെകിടയിൽ കുടുംബങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനം ഏകോപിപ്പിക്കുന്നു.
ഈ ഘടകങ്ങൾ ശക്തിപ്പെടുത്തുകയാണ് അമിത്ഷയുടെ ആദ്യ വരവിലെ ദൗത്യം.
ഇതോടൊപ്പം തെരഞ്ഞെടുപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട പ്രാദേശിക വിഷയങ്ങൾ, പ്രചാരണ വിഷയങ്ങൾ, പാർട്ടിക്കെതിരായ വിമർശനങ്ങൾക്ക് പ്രതിരോധം തുടങ്ങിയവയിലും കേന്ദ്രീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

