'മണിപ്പൂർ ജനതയുടെ ആഗ്രഹങ്ങൾ നിറവേറ്റും'; ഒക്ടോബറിൽ സന്ദർശനം പ്രഖ്യാപിച്ച് അമിത് ഷാ
text_fieldsയുമ്നം ഖേംചന്ദ് സിംഗ്, അമിത് ഷാ
ന്യൂഡൽഹി: വരാനിരിക്കുന്ന ദേശീയ ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒക്ടോബർ ആദ്യവാരം മണിപ്പൂർ സന്ദർശിക്കും. ന്യൂഡൽഹിയിൽ മണിപ്പൂർ മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സന്ദർശന തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായത്.
നാഗാ ഭൂരിപക്ഷ മേഖലയായ സേനാപതി ജില്ലയിൽ പുതുതായി അനുവദിച്ച മെഡിക്കൽ കോളേജിന് തറക്കല്ലിടുന്നതിനൊപ്പം വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അവലോകനവും ആഭ്യന്തര മന്ത്രി നിർവ്വഹിക്കും. 2024 ഏപ്രിലിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ മണിപ്പൂരിലെത്തുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പിൻവലിച്ച് പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം കൂടിയാണിത്.
മണ്ഡല പുനർനിർണയത്തിനും സെൻസസിനും മുൻപായി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ എൻആർസി നടപ്പിലാക്കണമെന്ന ആവശ്യവുമായി മണിപ്പൂരിലെ ജനപ്രതിനിധികളും 14 പൗരസമൂഹ സംഘടനകളുടെ (സി.എസ്.ഒ) പ്രതിനിധികളും ഇപ്പോൾ ഡൽഹിയിൽ കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തിവരികയാണ്. മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റം മൂലം മണിപ്പൂരിലെ തദ്ദേശീയ ജനസംഖ്യാ സന്തുലിതാവസ്ഥ തകിടം മറിഞ്ഞുവെന്നാണ് പൗരസമൂഹ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. 1961 അടിസ്ഥാന വർഷമായി നിശ്ചയിച്ച് സംസ്ഥാനത്ത് സമഗ്രമായ എൻആർസി നടപ്പിലാക്കാതെ സെൻസസ് നടപടികളിലേക്ക് കടക്കരുതെന്ന് അവർ ശക്തമായി ആവശ്യപ്പെടുന്നു. അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി സെൻസസും മണ്ഡല പുനർനിർണയവും നടത്തിയാൽ അത് തദ്ദേശീയരുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഭൂമിയുടെ ഉടമസ്ഥാവകാശത്തെയും സാരമായി ബാധിക്കുമെന്നാണ് മെയ്തി, നാഗാ സംഘടനകളുടെ പൊതുവായ ആശങ്ക.
വിഷയത്തിൽ വിവിധ സമുദായ നേതാക്കളുമായി കേന്ദ്ര സർക്കാർ ആശയവിനിമയം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. ഒക്ടോബറിലെ സന്ദർശന വേളയിൽ ക്രമസമാധാന നില നേരിട്ട് വിലയിരുത്തുന്നതിനൊപ്പം, വംശീയ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള രാഷ്ട്രീയ ചർച്ചകൾക്കും അമിത് ഷാ നേതൃത്വം നൽകുമെന്നാണ് കരുതപ്പെടുന്നത്. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം വീണ്ടെടുക്കാനും ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ സന്ദർശനത്തിൽ ഉണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

