അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ ലോക്സഭയിൽ; പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടെന്ന് ആക്ഷേപം; ഇൻഡ്യ മുന്നണി യോഗം ചേരും
text_fieldsന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരും മുഖ്യമന്ത്രിമാരും ഉൾപ്പെടെ ജനപ്രതിനിധികൾ 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ സ്ഥാനം നഷ്ടമാകുമെന്ന് നിർദേശിക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷം. പാർലമെന്റിന്റെ വർഷകാല സമ്മേളനം സമാപിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ കേന്ദ്ര സർക്കാർ തിരക്കിട്ട് അവതരിപ്പിക്കുന്ന ബിൽ ഒരുപാട് ഗൂഢ ലക്ഷ്യങ്ങൾ ഒളിപ്പിച്ച ബില്ലാണെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി വേണുഗോപാൽ രംഗത്ത്.
ബുധനാഴ്ച രാവിലെ പ്രതിപക്ഷ കക്ഷികൾ യോഗം ചേരുമെന്നും ബില്ലിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള കാടത്തനിയമമാണിതെന്നും വോട്ട് കൊള്ള പോലെ മറ്റൊരു അട്ടിമറിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ 30 ദിവസം തടവിൽ കഴിയേണ്ടി വന്നാൽ അവർക്ക് സ്ഥാനം നഷ്ടമാകുമെന്ന് വ്യാഖ്യാനിക്കുന്നതാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന നിർണായക ഭരണഘടന ബിൽ. അഞ്ചു വർഷമെങ്കിലും തടവു ലഭിക്കവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റു ചെയ്യപ്പെട്ടവർ 30 ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന സാഹചര്യമുണ്ടായാൽ പോലും ഇവരെ 31ാം ദിവസം നീക്കം ചെയ്യാൻ പ്രധാനമന്ത്രിക്ക് രാഷ്ട്രപതിയോട് ശിപാർശ ചെയ്യാം. അഥവാ ശിപാർശ ചെയ്തില്ലെങ്കിലും തൊട്ടടുത്ത ദിവസം സ്ഥാനം നഷ്ടമാവും.
എന്നാൽ, ജനാധിപത്യത്തിലെ ഏറ്റവും വലിയ ബ്ലാക്മെയിലിങ്ങാണ് പുതിയ ബില്ലിൽ ഒളിപ്പിച്ചുകടത്തുന്നതെന്ന് കെ.സി വേണുഗോപാൽ ആരോപിച്ചു.
‘ഏത് പരാതിയിലും ഏതൊരാൾക്കുമെതിരെ എഫ്.ഐ.ആർ ഇടാൻ സാധിക്കും. അവർക്കെതിരായ കുറ്റാരോപണം തെളിയിക്കപ്പെടും മുമ്പേ കുറ്റവാളിയാക്കുന്നതാണ് പുതിയ ബിൽ. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നീക്കാനുള്ള അധികാരം പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കൈകളിലെത്തുയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കെതിരായ കടന്നാക്രമണമാണിത്.
പ്രതിപക്ഷത്തെയും ഘടകകക്ഷി മുഖ്യമന്ത്രിമാരെയും ലക്ഷ്യമിടുന്ന ബില്ലാണിത്. ഏറ്റവും വലിയ ഏകാധിപത്യ പ്രവണതയുണ്ടാക്കിയെടുക്കാനുള്ള ശ്രമത്തെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നേരിടും’ -കെ.സി വേണുഗോപാൽ പ്രതികരിച്ചു.
അതേസമയം, വോട്ടർ അധികാർ യാത്രയിൽ നിന്നും കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കിയ വോട്ട് ചോരി ആരോപണത്തിൽ നിന്നുമുള്ള ശ്രദ്ധ തിരിക്കൽ നാടകം മാത്രമാണ് അമിത് ഷായുടെ പുതിയ ബില്ലുകളെന്ന് കോൺഗ്രസ് ലോക്സഭ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആരോപിച്ചു.
മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായപ്പോൾ ജയിലിൽ ഇരുന്ന് ചുമതലകൾ വഹിച്ച സാഹചര്യമുണ്ടായിരുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായെങ്കിലും ജയിലിലേക്ക് പോകും മുമ്പേ സ്ഥാനം രാജിവെച്ചിരുന്നു. ഇത്തരം സാഹചര്യങ്ങൾ തടയുകയെന്ന ലക്ഷ്യവുമായാണ് സർക്കാർ പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

