ചാന്ദ്നി ചൗക്ക് സംഘർഷം; അമിത് ഷാ ഡൽഹി പൊലീസ് മേധാവിയെ വിളിച്ചു വരുത്തി
text_fieldsന്യൂഡൽഹി: ചാന്ദ്നി ചൗക്കിലെ ഹൗസ് ഖാസിയിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഇരുമതവിഭാഗങ്ങൾ തമ്മിലുള്ള വർഗീയ സംഘർഷമായി മാറിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് മേധാവിയെ വിളിച്ചു വരുത്തി. പ്രദേശത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് മേധാവി അമൂല്യ പട്നായിക് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായതായും സംഘർഷത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകൾക്കെതിരെയും നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു കൂട്ടം ക്രിമിനലുകളാണ് സംഭവത്തിന് പിന്നിൽ. ദൃശ്യം പരിശോധിച്ച് വരികയാണ്. സംഭവവുമായി ബന്ധപ്പെട്ടവരെല്ലാം നടപടി നേരിടുമെന്നും അമൂല്യ പട്നായിക് കൂട്ടിച്ചേർത്തു.
അറസ്റ്റിലായവരിൽ പ്രായപൂർത്തിയാവാത്ത ഒരാളുമുണ്ട്. സുരക്ഷാ ജീവനക്കാർ, പൊലീസ്, സി.ആർ.പി.എഫ് തുടങ്ങി ആയിരത്തിലധികം പേരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ പ്രദേശത്തെ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. പ്രദേശവാസികൾ സ്ഥലത്ത് സമാധാന മാർച്ച് നടത്തി.
ചാന്ദ്നിചൗക്കിലെ ആസ് മുഹമ്മദ് എന്നയാൾ തെൻറ വീടിന് പുറത്ത് വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട് സഞ്ജീവ് ഗുപ്ത എന്ന ഒരു പഴ വിൽപനക്കാരനുമായി തുടങ്ങിയ വാക് തർക്കമാണ് പിന്നീട് വലിയ വർഗീയ സംഘർഷത്തിലേക്ക് എത്തിപ്പെട്ടത്.
തർക്കത്തെ തുടർന്ന് ആസ് മുഹമ്മദ് കുറച്ച് ആളുകളുടെ സഹായത്തോടെ സഞ്ജീവ് ഗുപ്തയുടെ വീട് ആക്രമിച്ചു. ഇതേതുടർന്ന് സഞ്ജീവ് ഗുപ്ത പൊലീസിനെ വിളിച്ചു. പൊലീസ് ആസ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ ഒരു കൂട്ടമാളുകൾ അദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് പുറത്ത് ബഹളം വെച്ചു. ഇതിെൻറ തുടർച്ചയെന്നോണം ഒരു സംഘമാളുകൾ പ്രദേശത്തെ ക്ഷേത്രം ആക്രമിക്കുകയും വിഗ്രഹം തകർക്കുകയുമായിരുന്നു. ഇതേതുടർന്ന് പ്രദേശത്ത് കല്ലേറ് നടക്കുകയും സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തു.
ക്ഷേത്രം തകർത്ത സംഭവത്തെ നിരിവധി രാഷ്ട്രീയ പ്രവർത്തകർ അപലപിച്ചു. തകർക്കപ്പെട്ട ക്ഷേത്രം കേന്ദ്ര മന്ത്രി ഹർഷ് വർധൻ ചൊവ്വാഴ്ച സന്ദർശിച്ചിരുന്നു. സംഭവം ദൗർഭാഗ്യകരവും വേദനാജനകരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
