ഡൽഹിയിൽ സുരക്ഷ ശക്തമാക്കുന്നു; പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി അമിത് ഷാ
text_fieldsആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ് ആസ്ഥാനത്ത് നടന്ന യോഗം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ക്രമസമാധാന നിലയും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഡൽഹി പൊലീസ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ, ഡൽഹി മുഖ്യമന്ത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തെ ഡൽഹി പൊലീസിന്റെ പ്രവർത്തന റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി വിശദമായി അവലോകനം ചെയ്തു. തലസ്ഥാനത്ത് അടുത്ത കാലത്തായി നടന്ന പ്രക്ഷോഭങ്ങൾ, സ്ത്രീ സുരക്ഷ, പൊലീസുകാർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ തുടങ്ങിയ പ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടും, വോട്ടർ പട്ടികയിലെ സമഗ്ര പരിശോധനക്കെതിരെയും (എസ്.ഐ.ആർ) പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം ചേർന്നിരിക്കുന്നത്.
കൂടാതെ, യോഗത്തിൽ ലഹരിമരുന്ന് മാഫിയകൾ, ഗ്യാങ് വാറുകൾ (Gang Wars), അന്താരാഷ്ട്ര ബന്ധമുള്ള ക്രിമിനൽ സംഘങ്ങൾ എന്നിവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ പൊലീസിന് നിർദേശം നൽകി. ജനങ്ങളുമായി പൊലീസ് നേരിട്ടുള്ള സമ്പർക്കം വർധിപ്പിക്കണമെന്നും പരാതികളിൽ ഉടനടി പരിഹാരം കാണണമെന്നും അദ്ദേഹം നിർദേശിച്ചു.
ഡൽഹി പൊലീസ് കമീഷണർക്ക് പുറമെ സ്പെഷ്യൽ സി.പിമാർ, ജോയിന്റ് സി.പിമാർ, ഡി.സി.പിമാർ, സ്പെഷ്യൽ സെൽ, ക്രൈംബ്രാഞ്ച് തുടങ്ങിയ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വോട്ടർ പട്ടിക പരിഷ്കരണത്തിൽ ക്രമക്കേട് ആരോപിച്ച് വിവിധ ഇടതുപക്ഷ പാർട്ടികളും വിദ്യാർഥി പ്രസ്ഥാനങ്ങളും ബംഗ്ലാ സാഹിബ് ഗുരുദ്വാരക്ക് സമീപം വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ മാർച്ച് ജന്തർ മന്തറിലേക്ക് നീങ്ങിയതിനെ തുടർന്ന് ഡൽഹി ട്രാഫിക് പൊലീസ് ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ വാഹന ഗതാഗതത്തിൽ നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തി. തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികൾക്കെതിരെ 'ഇൻഡ്യ' മുന്നണിയും കോൺഗ്രസും ചേർന്ന് നവംബർ 1ന് രാംലീല മൈതാനിയിൽ വൻ റാലി സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് എം.പി ജെബി മേത്തർ അറിയിച്ചു.
അതേസമയം, ഡൽഹിയിലെ സർവകലാശാലാ ക്യാമ്പസുകളിലും പ്രക്ഷോഭം കനക്കുകയാണ്. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ സ്റ്റുഡന്റ്സ് യൂണിയൻ പുനഃസ്ഥാപിക്കണമെന്നും ചീഫ് പ്രോക്ടറെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് വിദ്യാർഥികൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 13-ാം ദിവസത്തിലേക്ക് കടന്നു. വിദ്യാർഥികൾക്ക് നേരെ ഭരണകൂടം പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്നും സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ ഉടൻ തിരിച്ചെടുക്കണമെന്നും നിരാഹാര സമരത്തിലുള്ള വിദ്യാർഥി നേതാവ് ജാസിം അലി ഖാൻ ആവശ്യപ്പെട്ടു.

