ബ്രിട്ടാസിന് മലയാളത്തിൽ കത്തയച്ച് അമിത് ഷാ; ഭാഷാ വിവാദത്തിനിടെ പുതിയ തന്ത്രവുമായി കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ജോൺ ബ്രിട്ടാസ് എം.പിക്ക് മലയാളത്തിൽ മറുപടി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷക്കായി ദക്ഷിണേന്ത്യൻ എം.പിമാർ നിരന്തരം വാദിക്കുന്നതിനിടെയാണ് അമിത് ഷായുടെ നീക്കം. കേരളത്തിൽ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കേന്ദ്രമന്ത്രി മലയാളത്തിൽ മറുപടി അയച്ചതെന്നത് ശ്രദ്ധേയമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽനിന്ന് സീറ്റ് നേടിയ ബി.ജെ.പി, സംസ്ഥാനത്ത് നേരിടുന്ന വിമർശനങ്ങളിൽ ഭാഷാ വിവാദവും ഉൾപ്പെട്ടിരുന്നു.
സാധാരണ ഗതിയിൽ എം.പിമാർക്ക് ഇംഗ്ലിഷിൽ മറുപടി നൽകുന്നതാണ് കീഴ്വഴക്കം.എന്നാൽ മോദി സർക്കാറിലെ ചില മന്ത്രിമാർ ഹിന്ദിയിൽമാത്രം മറുപടി നൽകുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്ന ആരോപണവും ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് ഹിന്ദിയിലും ഇംഗ്ലീഷിലും മറുപടി നൽകുന്ന രീതിയിൽനിന്ന് അമിത് ഷാ വ്യതിചലിച്ചത്. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) രജിസ്‌ട്രേഷൻ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 22ന് ബ്രിട്ടാസ് അയച്ച കത്തിന് മറുപടിയായി നവംബർ 14ന് അമിത് ഷാ ബ്രിട്ടാസിന് കത്തയക്കുകയായിരുന്നു.
ജോൺ ബ്രിട്ടാസ് അയച്ച കത്തുകിട്ടി, നന്ദിയോടെ താങ്കളുടെ അമിത് ഷാ എന്നെഴുതി ഒപ്പിട്ടാണ് മറുപടി. എന്നാൽ പ്രശ്നത്തിന്‍റെ ഉൾവശങ്ങളിലേക്ക് കടക്കാൻ തയാറാകാതെയാണ് മറുപടിയെന്ന് ജോൺ ബ്രിട്ടാസ് വിമർശിച്ചു. നേരത്തേ കേന്ദ്ര റെയിൽവേ സഹമന്ത്രി രവനീത് സിങ് ബിട്ടു ഹിന്ദിയിൽ നൽകിയ കത്തിന് മലയാളത്തിൽ മറുപടിയയച്ച് ബ്രിട്ടാസ് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. 1990ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിങ് യാദവ് ഹിന്ദിയിൽ അയച്ച കത്തിന് കേരളമുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ മലയാളത്തിൽ മറുപടി അയച്ച സംഭവവുമുണ്ടായിരുന്നു.
അതേസമയം ഓവർസീസ് പൗരന്മാരുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള കേന്ദ്ര വിജ്ഞാപനമിറക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോൺ ബ്രിട്ടാസ് കത്ത് നൽകിയത്. ഏഴ് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റപത്രം സമർപ്പിച്ചാൽ ഒ.സി.ഐ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള കേന്ദ്ര വിജ്ഞാപനം പുനഃപരിശോധിക്കണമെന്നാണ് എം.പി ആവശ്യപ്പെട്ടത്. കുറ്റപത്രത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ ഒ.സി.ഐ രജിസ്ട്രേഷൻ റദ്ദാക്കുന്നതിൽ വലിയ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടാസ് അമിത് ഷാക്ക് കത്ത് നൽകിയത്. വിഷയത്തിൽ നിയമപരവും ഭരണഘടനാപരവുമായ ആശങ്കകൾ എം.പി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കത്ത് ലഭിച്ചു എന്ന് മാത്രമാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

