Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right’ആയുധം വെച്ച്...

’ആയുധം വെച്ച് കീഴടങ്ങിയാൽ അന്തസായി ജീവിക്കാം, മറ്റ് മാർഗങ്ങളില്ല,’ വെടിനിർത്തൽ പരിഗണിക്കുന്നില്ലെന്നും മാവോയിസ്റ്റുകളോട് അമിത് ഷാ

text_fields
bookmark_border
’ആയുധം വെച്ച് കീഴടങ്ങിയാൽ അന്തസായി ജീവിക്കാം, മറ്റ് മാർഗങ്ങളില്ല,’ വെടിനിർത്തൽ പരിഗണിക്കുന്നില്ലെന്നും മാവോയിസ്റ്റുകളോട് അമിത് ഷാ
cancel

ന്യൂഡൽഹി: മാവോയിസ്റ്റുകൾക്ക് മുന്നിലുള്ള ഏക മാർഗം ആയുധം വെച്ച് കീഴടങ്ങുക മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വെടിനിർത്തൽ സർക്കാർ പരിഗണനയിലില്ല. കീഴടങ്ങാൻ താത്പര്യമുണ്ടെങ്കിൽ വെടിനിർത്തലിന്റെ ആവശ്യ​മില്ലെന്നും അമിത് ഷാ പറഞ്ഞു.

ഇതാദ്യമായാണ് മാവോയിസ്റ്റുകളുടെ വെടിനിർത്തൽ ആഹ്വാനത്തോട് കേന്ദ്രസർക്കാർ പ്രതികരിക്കുന്നത്. ‘നക്സൽ മുക്ത് ഭാരത്’ സെമിനാറിന്റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിൽ ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് ഉൾപ്പെടെ സുരക്ഷാസേന മാവോവാദി വിരുദ്ധ നീക്കം ശക്തമാക്കിയതോടെ സി.പി.ഐ (മാവോയിസ്റ്റ്) വെടിനിർത്തലിനുള്ള സന്നദ്ധത അറിയിച്ചിരുന്നു.

അടുത്ത ദിവസങ്ങളിലായി, ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിൽ ഒരു കത്ത് പ്രചരിക്കുന്നുണ്ട്. ഇതുവരെ ചെയ്തതെല്ലാം തെറ്റായിരുന്നുവെന്നും മാവോയിസ്റ്റുകൾക്ക് കീഴടങ്ങാൻ അവസരം നൽകുന്നതിനായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. വെടിനിർത്തലിൻറെ ആവശ്യമില്ല, നിങ്ങൾ ആയുധം താഴെ വെച്ച് കീഴടങ്ങൂ, ഒരു വെടിയുണ്ടപോലും നിങ്ങൾക്കെതിരെ വരില്ല,’ -അമിത്ഷാ പറഞ്ഞു.

കീഴടങ്ങാൻ തയ്യാറായാൽ ചുവന്ന പരവതാനി വിരിച്ച് മാവോവാദികളെ സ്വീകരിക്കും. പുനരധിവാസത്തിന് ആകർഷകമായ പദ്ധതി നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.

മാവോവാദത്തിന് പ്രത്യയശാസ്ത്രപരമായ പിന്തുണ നൽകിയതിന് ഇടതുപക്ഷ പാർട്ടികളെയും ഷാ വിമർശിച്ചു. വികസനമില്ലായ്മയാണ് മാവോവാദത്തിലേക്ക് നയിച്ചതെന്ന വാദം അടിസ്ഥാന രഹിതമാണ്. ‘ചുവപ്പ് ഭീകരത’ പതിറ്റാണ്ടുകളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും വികസനം മുടക്കിയെന്നും ഷാ പറഞ്ഞു.

‘എന്തുകൊണ്ടാണ് രാജ്യത്ത് നക്സൽ പ്രശ്നം ഉടലെടുത്തത്, വളർന്നത്, വികസിച്ചത്? ആരാണ് അവർക്ക് പ്രത്യയശാസ്ത്രപരമായ പിന്തുണ നൽകിയത്? ഇന്ത്യൻ സമൂഹം ഇത് മനസ്സിലാക്കുന്നതുവരെ, നക്സലിസത്തിനെതിരായ പോരാട്ടം അവസാനിക്കില്ല. നക്സൽ പ്രത്യയശാസ്ത്രം പരിപോഷിപ്പിക്കുന്നവരെ നാം തിരിച്ചറിയണം. 2026 മാർച്ച് 31 ഓടെ രാജ്യം നക്സലിസത്തിൽ നിന്ന് മുക്തമാകും,’ -അമിത്ഷാ പറഞ്ഞു.

ആയുധധാരികളായ മാവോവാദികൾക്ക് ആദിവാസികളെക്കുറിച്ച് ആശങ്കയില്ല, പകരം, ലോകമെമ്പാടും ഇതിനകം നിരസിക്കപ്പെട്ട ഇടതുപക്ഷ പ്രത്യയശാസ്ത്രത്തെ സജീവമായി നിലനിർത്തുന്നതിലാണ് അവർ ആശങ്കാകുലരെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

‘ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് അവർ കത്തുകൾ എഴുതുകയും പത്രക്കുറിപ്പുകൾ പുറത്തിറക്കുകയും ചെയ്തു. സി.പി.ഐക്കും സി.പി.എമ്മിനും അതേ നിലപാടായിരുന്നു. എന്തുകൊണ്ടാണ് ഇവർ അവരെ സംരക്ഷിക്കുന്നത്? ആദിവാസികളായ ഇരകളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ഈ ഇടതുപക്ഷപാർട്ടികളും എൻ‌.ജി‌.ഒകളും മുന്നോട്ട് വരാത്തതെന്താണ്?’- അമിത്ഷാ ചോദിച്ചു.

നക്സൽ അക്രമത്തെക്കുറിച്ച് ഇടതുപക്ഷ പാർട്ടികൾ മൗനം പാലിക്കുന്നുവെന്നും സർക്കാർ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാൻ ‘ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്’ നടത്തിയപ്പോൾ അവർ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയെന്നും ഷാ പറഞ്ഞു.

2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം, വടക്കുകിഴക്കൻ മേഖലയിൽ സുരക്ഷാ സേനയിലെ മരണങ്ങളിൽ 70 ശതമാനം കുറവുണ്ടായി. സാധാരണക്കാരുടെ മരണങ്ങളിൽ 85 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇതുവരെ മേഖല ആസ്ഥാനമായുള്ള വിമത ഗ്രൂപ്പുകളുമായി 12 സമാധാന കരാറുകളിൽ ഒപ്പുവെച്ചു.

കഴിഞ്ഞ 11 വർഷത്തിനിടെ വടക്കുകിഴക്കൻ മേഖലയിലെ 10,000-ത്തിലധികം തീവ്രവാദികൾ കീഴടങ്ങിയെന്നും ഇവർക്കായി പുനരധിവാസ പദ്ധതിയടക്കം സർക്കാർ നേതൃത്വത്തിൽ നടപ്പാക്കുകയാണെന്നും അമിത്ഷാ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahCeasefire CalledMaoist Hunt
News Summary - Amit Shah Rejects Ceasefire Offer From Maoists
Next Story