'ഇത്തരം തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ല'; വിവാദ പരാമർശങ്ങൾ നടത്തുന്ന ബി.ജെ.പി നേതാക്കൾക്ക് അമിത് ഷായുടെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: വിവാദ പരാമർശങ്ങൾ നടത്തുന്ന ബി.ജെ.പി നേതാക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അത്തരം പരാമർശങ്ങളിൽ നിന്ന് മാറിനിൽക്കുന്നത് വളരെ പ്രധാനമാണെന്നും, ചിലപ്പോൾ മൗനം പാലിക്കുന്നതാണ് ബുദ്ധിയെന്നും അമിത് ഷാ നേതാക്കളെ ഓർമിപ്പിച്ചു. മധ്യപ്രദേശിൽ ബി.ജെ.പി പ്രവർത്തകരുടെ പരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഓപറേഷൻ സിന്ദൂറിനു പിന്നാലെ മധ്യപ്രദേ് മന്ത്രി വിജയ് ഷാ കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയാണ് അമിത്ഷാ പരാമർശിച്ചത്. വിവാദ പ്രസ്താവനയിൽ ബി.ജെ.പി നേതാവ് പിന്നീട് മാപ്പുപറഞ്ഞിരുന്നു. ഓപറേഷൻ സിന്ദൂറിനെ കുറിച്ചുള്ള മാധ്യമങ്ങൾക്ക് വിശദീകരണം നൽകിയ സംഘത്തിലെ അംഗമായിരുന്നു കേണൽ സോഫിയ ഖുറേഷി. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കും വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങിനുമൊപ്പമാണ് കേണൽ ഖുറേഷി പത്രസമ്മേളനങ്ങൾ നടത്തിയത്.
''തെറ്റുകൾ സംഭവിക്കാം. എന്നാൽ അതൊരിക്കലും ആവർത്തിക്കാൻ പാടില്ല. എത്ര പരിചയസമ്പന്നരായാലും മുതർന്നവരായാലും അവരെല്ലാം എപ്പോഴും ഒരു വിദ്യാർഥിയെ പോലെയായിരിക്കണം''-അമിത് ഷാ ഓർമിപ്പിച്ചു.
'ഭീകരവാദികളുടെ സഹോദരി'യെന്നാണ് കേണൽ സോഫിയ ഖുറേഷിയെ ബി.ജെ.പി മന്ത്രി അധിക്ഷേപിച്ചത്.
ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാൻ പ്രധാനമന്ത്രി പാകിസ്താനിലെ ഭീകരരുടെ അതേ സമുദായത്തിൽ നിന്നുള്ള സഹോദരിയെയാണ് അയച്ചത് എന്നായിരുന്നു വിജയ് ഷാ പറഞ്ഞത്. പ്രസംഗത്തിന്റെ വിഡിയോ പ്രതിപക്ഷ പാർട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെ സംഭവം വിവാദമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

