പഹൽഗാം സുരക്ഷാ വീഴ്ച; അമിത് ഷാ രാജിവെക്കണം- ഖാർഗെ
text_fieldsമല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ സംസാരിക്കുന്നു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് കാരണമായ സുരക്ഷാ വീഴ്ചയും ഓപറേഷൻ സിന്ദൂറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലും ചൂണ്ടിക്കാട്ടി രാജ്യസഭയിൽ സർക്കാറിനെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കാർഗിൽ യുദ്ധത്തിനു ശേഷമുള്ളതുപോലെ, പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും സർക്കാർ റിപ്പോർട്ട് പുറത്തുവിടണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ ഖാർഗെ സർക്കാറിനോട് ആവശ്യപ്പെട്ടു. ഒാപറേഷൻ സിന്ദൂറിനിടെ വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രിയോ പ്രതിരോധ മന്ത്രിയോ അല്ല, മറിച്ച് വാഷിങ്ടണിൽ നിന്നാണുണ്ടായതെന്നും ഖാർഗെ കുറ്റപ്പെടുത്തി.
താൻ ഇടപെട്ടാണ് വെടിനിർത്തലുണ്ടായതെന്നും ഇന്ത്യയുടെ അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടതായും ‘സുഹൃത്ത്’ നിരവധി തവണ പറഞ്ഞിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത്. ഇന്ത്യക്ക് മേൽക്കൈ ഉണ്ടായിരുന്നിട്ടും പാകിസ്താന്റെ വെടിനിർത്തൽ വാഗ്ദാനം സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓപറേഷൻ സിന്ദൂർ സമയത്ത് ഒരു രാജ്യവും ഇന്ത്യക്കൊപ്പം നിൽക്കാത്തത് നമ്മുടെ വിദേശ നയം പരാജയപ്പെട്ടതുകൊണ്ടാണ്. അതു തിരുത്തണം. പ്രതിപക്ഷം സർക്കാറിന് എല്ലാ പിന്തുണയും നൽകി. എന്നാൽ, സർവകക്ഷി യോഗത്തിൽ പോലും പങ്കെടുക്കാതെ മോദി ബിഹാറിൽ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്ത് പ്രതിപക്ഷ പാർട്ടികളെ ആക്രമിക്കുകയാണ് ചെയ്തത്. സർവകക്ഷി യോഗത്തിലെ മോദിയുടെ അഭാവം ദേശീയ സുരക്ഷയോടുള്ള സമീപനമാണ് കാണിക്കുന്നത്. സുരക്ഷാ വീഴ്ച ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഏറ്റെടുത്തത് ആഭ്യന്തര മന്ത്രി അമിത് ഷായെ രക്ഷിക്കാൻ വേണ്ടിയാണ്. ഭീകരാക്രമണങ്ങൾ തടയുന്നതിൽ സർക്കാർ വീഴ്ചകളും പരാജയങ്ങളും സമ്മതിക്കണം. അമിത് ഷാ രാജിവെക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
ഖാർഗെയുടെ പ്രസംഗത്തിന് പിന്നാലെ രാജ്യസഭ ലീഡർ ജെ.പി. നഡ്ഡ ഖാർഗെക്കെതിരെ നടത്തിയ പരാമർശം പ്രതിഷേധത്തിനിടയാക്കി. ഇതോടെ ജെ.പി. നഡ്ഡ പരാമർശം പിൻവലിക്കുകയും സഭാരേഖകളിൽ നിന്നും നീക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചർച്ചക്ക് തുടക്കം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

