അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിജയ്; ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന് മുന്നോടിയായി നിർണായക കൂടിക്കാഴ്ച
text_fieldsചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന 31ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ബുധനാഴ്ച ചെന്നൈയിലായിരുന്നു കൂടിക്കാഴ്ച. വിജയ് മുഖ്യമന്ത്രിയായ ശേഷം അമിത് ഷായുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
വ്യാഴാഴ്ച ചെങ്കൽപ്പട്ട് ജില്ലയിലെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ദക്ഷിണ മേഖലാ കൗൺസിലിന്റെ ചെയർമാൻ. യോഗത്തിന്റെ ആതിഥേയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് കൗൺസിലിന്റെ വൈസ് ചെയർമാനായിരിക്കും. കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ദക്ഷിണ മേഖലാ കൗൺസിലിലെ അംഗങ്ങൾ. പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിമാർക്കും ചീഫ് സെക്രട്ടറിമാർക്കും പുറമെ കേന്ദ്ര സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ, ജലവിഹിത പ്രശ്നങ്ങൾ, പ്രാദേശിക വികസനം, കേന്ദ്ര സംസ്ഥാന ഏകോപനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ വർഷങ്ങളായി തുടരുന്ന അന്തർസംസ്ഥാന ജലവിഹിത തർക്കങ്ങൾ യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായേക്കും. ജലവിഭവങ്ങളുടെ പങ്കിടൽ, സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രത്തിന്റെ ഇടപെടലും ചർച്ചയാകും.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ, ബലാത്സംഗം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ അന്വേഷിക്കുന്നതിനും തീർപ്പാക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികളുടെ പ്രവർത്തനവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യോഗം ചർച്ച ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു. ജലവിഭവ വിഷയങ്ങൾക്കുപുറമെ പ്രാദേശിക വികസനം, സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം, കേന്ദ്ര സംസ്ഥാന ഏകോപനം തുടങ്ങിയ പൊതുതാൽപര്യ വിഷയങ്ങളും യോഗത്തിന്റെ അജൻഡയിലുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്ന പൊതുവായ പ്രശ്നങ്ങളിൽ സംയുക്ത പരിഹാരം കണ്ടെത്തുന്നതിനുള്ള വേദിയായാണ് സോണൽ കൗൺസിൽ യോഗം പ്രവർത്തിക്കുന്നത്. മുൻ യോഗങ്ങളിൽ പരിഹരിക്കപ്പെടാതെ കിടന്ന വിഷയങ്ങളും ഇത്തവണ വീണ്ടും പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. സംസ്ഥാനങ്ങൾ തമ്മിലുള്ള ദീർഘകാല തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിനാണ് കൗൺസിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

