പഹാഡികളെ പട്ടികവർഗമായി പ്രഖ്യാപിക്കാൻ അമിത് ഷാ കശ്മീരിൽ; വ്യാപക പ്രതിഷേധം
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ പഹാഡി സമുദായത്തിന് പട്ടികവർഗ (എസ്.ടി) പദവി പ്രഖ്യാപിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിൽ എത്തിയിട്ടുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഇതിനകം ഉയർന്നിട്ടുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രജൗരിയിലും ബാരാമുള്ളയിലും നടക്കുന്ന രണ്ട് റാലികളെ ഷാ അഭിസംബോധന ചെയ്യും. പഹാഡി സമുദായത്തിൽ നിന്നുള്ള ധാരാളം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, പഹാഡികൾക്ക് എസ്.ടി പദവി നൽകാനുള്ള സാധ്യത നാഷനൽ കോൺഫറൻസ് പാർട്ടിക്കുള്ളിൽ രാഷ്ട്രീയ തർക്കത്തിനും ഭിന്നതക്കും കാരണമായിട്ടുണ്ട്. ഗുജ്ജർ ഗോത്രത്തിലെ അംഗങ്ങൾ ഇന്ന് ഷോപ്പിയാനിൽ പ്രതിഷേധം നടത്തിയിരുന്നു. പട്ടിക വർഗ പദവിയിൽ ഇടപെടരുതെന്ന് അവർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ റാലിയിൽ പങ്കെടുക്കാൻ ജമ്മു കശ്മീരിലെ ജനങ്ങളോട് മുതിർന്ന നാഷനൽ കോൺഫറൻസ് നേതാവും മുൻ എം.എൽ.എയും അഭ്യർത്ഥിച്ചു. "സമുദായമാണ് ആദ്യം വരുന്നത്. രാഷ്ട്രീയം പിന്നീട്. നാമെല്ലാവരും റാലിയിൽ ചേരുകയും നമ്മുടെ കൂട്ടായ ശക്തി കാണിക്കുകയും വേണം. ഇന്ന് എസ്.ടി പദവി നേടിയില്ലെങ്കിൽ, നമ്മൾക്ക് അത് ഒരിക്കലും ലഭിക്കില്ല" -രണ്ട് തവണ മുൻ നാഷനൽ കോൺഫറൻസ് എം.എൽ.എ ആയിരുന്ന കഫീലുൽ റഹ്മാൻ പറഞ്ഞു.
ഷാ ബുധനാഴ്ച റാലിയെ അഭിസംബോധന ചെയ്യുന്ന ബാരാമുള്ളയിലേക്കുള്ള യാത്രക്കായി 20 ബസുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് റഹ്മാൻ തന്റെ അനുയായികളോട് പറഞ്ഞു. രജൗരിയിലെ മറ്റൊരു മുതിർന്ന നാഷനൽ കോൺഫറൻസ് നേതാവ് മുഷ്താഖ് ബുഖാരിയും മറ്റ് നിരവധി പേരും ഇതിനകം പാർട്ടിയിൽ നിന്ന് രാജിവെക്കുകയും പഹാഡികൾക്ക് എസ്.ടി പദവി നൽകുന്ന വിഷയത്തിൽ ബി.ജെ.പിയെ പരസ്യമായി പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.
റഹ്മാന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് നാഷനൽ കോൺഫറൻസ് മുഖ്യ വക്താവ് തൻവീർ സാദിഖ് പറഞ്ഞു. "ഇത് തീർച്ചയായും പാർട്ടി നിലപാടല്ല. ഞാൻ അദ്ദേഹത്തിന്റെ പ്രസ്താവന പരിശോധിച്ച് നിങ്ങളോട് മറുപടി പറയാം" -അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി മുസാഫർ ബെയ്ഗും റാലിയിൽ പങ്കെടുക്കാൻ പഹാഡി സമൂഹത്തോട് അഭ്യർത്ഥിച്ചു. പഹാഡി നേതാവ് കൂടിയായ ബെയ്ഗ് 2020 നവംബറിൽ ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയിൽനിന്ന് (പി.ഡി.പി) രാജിവച്ചിരുന്നു.
"പഹാരി സമൂഹത്തിന്റെ ദീർഘകാലവും നീതിയുക്തവുമായ ഈ ആവശ്യം ഷാ സാഹിബ് നിറവേറ്റുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് ക്രിയാത്മകവും ചരിത്രപരവുമായ തീരുമാനമായിരിക്കും. റാലിയിൽ പങ്കെടുത്ത് നീതി ആവശ്യപ്പെടാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു" -ബെയ്ഗ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പഹാഡികൾക്ക് എസ്.ടി പദവി നൽകാനുള്ള സാധ്യത രാഷ്ട്രീയ വൈരാഗ്യത്തിന് കാരണമാവുകയും ജമ്മു കശ്മീരിലെ ഗുജ്ജറുകൾ, ബക്കർവാൾ ആദിവാസികൾ, പഹാഡികൾ എന്നിവക്കിടയിലുള്ള ഭിന്നത വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗുജ്ജറുകളും ബക്കർവാളുകളും ഇതിനകം എസ്.ടി പദവിയിലുണ്ട്. പഹാഡികളെ എസ്.ടിയായി അംഗീകരിക്കുന്ന വിഷയം ഇവർക്കിടയിൽ നീരസം സൃഷ്ടിച്ചിരിക്കുകയാണ്.
റിസർവേഷൻ കാർഡ് ഉപയോഗിച്ച് ബി.ജെ.പി സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്തുകയാണെന്ന് മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി ആരോപിച്ചു. ഒരു വീഡിയോ സന്ദേശത്തിൽ മുഫ്തി സമുദായങ്ങളോട് ഐക്യത്തോടെ നിൽക്കണമെന്നും പരസ്പരം പോരടിക്കരുതെന്നും അഭ്യർത്ഥിച്ചു.
"ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തിന്റെയും എസ്.ടി പദവി പ്രഖ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ പിർപഞ്ജലിൽ (രജൗരി-പൂഞ്ച് ജില്ലകൾ) സംഘർഷാവസ്ഥ നിലനിൽക്കുന്നു. പരസ്പരം പോരടിക്കാൻ ആളുകൾ നിർബന്ധിതരാകുന്നു. അവർ നിങ്ങളെ പരസ്പരം ശത്രുക്കളാക്കുന്നു. ആദ്യം അവർ ഹിന്ദുക്കളെ മുസ്ലീങ്ങൾക്കെതിരെ ഉയർത്തി. ഇപ്പോൾ ഗുജ്ജറുകളും പഹാഡികളും പരസ്പരം പോരടിക്കാൻ അവർ ആഗ്രഹിക്കുന്നു" -മുഫ്തി മുന്നറിയിപ്പ് നൽകി.
പഹാഡി സമുദായത്തിന് എസ്.ടി പദവി നൽകിയാൽ, ഇന്ത്യയിൽ ഒരു ഭാഷാ വിഭാഗത്തിന് സംവരണം ലഭിക്കുന്നതിന് ആദ്യ ഉദാഹരണമായിരിക്കും അത്. ഇത് നടക്കണമെങ്കിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ സംവരണ നിയമം ഭേദഗതി ചെയ്യണം. ഒരിക്കൽ പ്രഖ്യാപിച്ചാൽ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബിൽ പാസാക്കാനാകുമെന്നാണ് പഹാഡി നേതാക്കൾ പ്രതീക്ഷിക്കുന്നത്. ജമ്മു കശ്മീരിൽ പരമാവധി സീറ്റുകൾ നേടാനുള്ള ബി.ജെ.പിയുടെ പ്രധാന രാഷ്ട്രീയ നീക്കമായാണ് പഹാഡികൾക്ക് എസ്.ടി പദവി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

