‘രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ല...’; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
text_fieldsഅമിത് ഷാ
തിരുനെൽവേലി: തമിഴ്നാട്ടിലെ ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിൽ കുടുംബാധിപത്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് സോണിയ ഗാന്ധി ശ്രമിക്കുന്നതെങ്കിൽ, ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാനാണ് എം.കെ. സ്റ്റാലിൻ ആഗ്രഹിക്കുന്നതെന്നും ഷാ കുറ്റപ്പെടുത്തി.
കോൺഗ്രസ് നേതാവ് രാഹുൽ പ്രധാനമന്ത്രിയോ, ഉദയനിധി തമിഴ്നാട് മുഖ്യമന്ത്രിയോ ആകില്ലെന്നും ഷാ കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ. ‘സ്റ്റാലിന് മകനെ മുഖ്യമന്ത്രിയാക്കുക എന്ന ഒറ്റ അജണ്ടയേ ഉള്ളൂ, സോണിയ ഗാന്ധിക്കും മകനെ പ്രധാനമന്ത്രിയാക്കുക എന്ന ഒറ്റ അജണ്ട മാത്രമാണുള്ളത്. പക്ഷേ, രണ്ടുപേരോടും ഞാൻ പറയട്ടെ, രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനോ ഉദയനിധിക്ക് മുഖ്യമന്ത്രിയാകാനോ കഴിയില്ല. രണ്ടിടത്തും എൻ.ഡി.എ വിജയിക്കും’ -ഷാ പറഞ്ഞു.
രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാറിനെയാണ് ഡി.എം.കെ നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തമിഴ് സാഹിത്യത്തിലെ ക്ലാസിക് പുസ്തകമായ തിരുക്കുറളിൽ പരാമർശിക്കുന്ന ആദർശ ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഷാ പുകഴ്ത്തി. അധികാരത്തിൽനിന്ന് അഴിമതിക്കാരായ മന്ത്രിമാരെ ഒഴിവാക്കാനുള്ള പുതിയ ബില്ലിനെ എതിർത്ത സ്റ്റാലിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
അഴിമതിക്കാരനായ ഒരു മുഖ്യമന്ത്രിയായതിനാൽ ഡി.എം.കെ നേതാവിന് നിർദിഷ്ട ബില്ല് തള്ളിക്കളയാൻ അവകാശമില്ലെന്നും ഷാ പറഞ്ഞു. ഡി.എം.കെ നേതാവും മുൻ മന്ത്രിയുമായ കെ. പൊൻമുടിക്കെതിരെയും വി. സെന്തിൽ ബാലാജിക്കെതിരെയുമുള്ള കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഷായുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

