ചരിത്രം മായ്ച്ചുകളയുന്നില്ലെന്ന് അമിത് ഷാ; നടക്കുന്നത് അടിമത്തത്തിൽ നിന്നുള്ള മോചന പ്രക്രിയ
text_fieldsഅമിത് ഷാ
മുംബൈ: ബി.ജെ.പി ചരിത്രം മായ്ച്ചുകളയുകയാണെന്ന പ്രതിപക്ഷ ആരോപണം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചരിത്രം വളച്ചൊടിക്കാതെ ഇന്ത്യൻ കാഴ്ചപ്പാടിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അടിമത്തത്തിൽ നിന്നുള്ള മോചന പ്രക്രിയയാണ് ഇതിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
12 ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവത്തിന് മുന്നോടിയായി മുംബൈ ഫോർട്ട് ഐക്കണിക് ടൗൺ ഹാളിലെ ഏഷ്യാറ്റിക് സൊസൈറ്റിയിൽ ഗണേഷ് ഗന്യർത്തി പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രം മായ്ച്ചുകളയുന്നുവെന്ന വാദത്തോട് താൻ യോജിക്കുന്നില്ല. ഈ വിഷയത്തിൽ പണ്ഡിതന്മാരോട് എനിക്ക് വിയോജിപ്പുണ്ട്. യഥാർഥ അറിവുകളെ ഒരു പ്രത്യയശാസ്ത്രത്തിലും തളച്ചിടാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.
‘ഇപ്പോൾ നടക്കുന്നത് അടിമത്തത്തിൽ നിന്നുള്ള മോചന പ്രക്രിയയാണ്; അത് ചരിത്രം മായ്ച്ചുകളയുന്നതല്ല. ലോകത്തിലെ ജനങ്ങൾക്ക് ചരിത്രം തികച്ചും ആധികാരികമായ രീതിയിലും ഇന്ത്യൻ കാഴ്ചപ്പാടിലും അവതരിപ്പിക്കുക എന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ അധികാരം നിലനിർത്താൻ ബ്രിട്ടീഷുകാർ ചരിത്രത്തെയും അറിവുകളെയും പാരമ്പര്യങ്ങളെയും സംസ്കാരത്തെയും ഉപകരണങ്ങളാക്കി മാറ്റുകയായിരുന്നു. അവർ അറിവിനെയും അധികാരത്തെയും ഒന്നിപ്പിച്ചു നിർത്തി. എന്നാൽ, ഇപ്പോൾ അറിവും അധികാരവും വേറിട്ട് നിൽക്കേണ്ടതുണ്ട്. അറിവിന്റെ അടിസ്ഥാനത്തിൽ അധികാരം വിനിയോഗിക്കപ്പെടണം. അതനുസരിച്ച് രാജ്യം മുന്നോട്ട് നയിക്കപ്പെടുകയും വേണമെന്നും ചൂണ്ടിക്കാട്ടി.
‘തങ്ങളുടെ ഓർമകൾ, ചരിത്രം, ആചാരങ്ങൾ, ഭാഷ, പാരമ്പര്യങ്ങൾ എന്നിവ സംരക്ഷിക്കാൻ കഴിയാത്ത ഒരു രാഷ്ട്രം എത്ര ശക്തമാണെങ്കിലും അധികം വൈകാതെ നശിച്ചുപോകും. മറുവശത്ത്, തങ്ങളുടെ ചരിത്രരേഖകളും വ്യാകരണവും ഭാഷയും സംരക്ഷിക്കുന്ന ഒരു രാഷ്ട്രത്തെ എത്ര വർഷക്കാലം അടിമത്തത്തിൽ കഴിഞ്ഞാലും ആർക്കും അടിമപ്പെടുത്താൻ കഴിയില്ല. ഇന്ത്യ ഇതിന് ഉദാഹരണമാണ്’ -അമിത് ഷാ അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉന്നത -സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ, ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് മുംബൈ പ്രസിഡന്റും മുൻ രാജ്യസഭ അംഗവുമായ ഡോ. വിനയ് സഹസ്ര ബുദ്ധെ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

