Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിൽ ജനിച്ച ഭീകരരൊന്നും ഇപ്പോൾ കശ്മീരിലില്ലെന്ന് അമിത് ഷാ

text_fields
bookmark_border
ഇന്ത്യയിൽ ജനിച്ച ഭീകരരൊന്നും ഇപ്പോൾ കശ്മീരിലില്ലെന്ന് അമിത് ഷാ
cancel
camera_alt


അമിത് ഷാ


ന്യൂഡൽഹി: ഇന്ത്യയിൽ ജനിച്ച ഭീകരർ കശ്മീരിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഷ്കറെ ത്വയ്യിബ ഭീകരൻ ലത്തീഫ് ഭട്ടിനെ സുരക്ഷാസേന വധിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രഖ്യാപനം. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലെ നിർണായക നേട്ടമാണിതെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.

ഡൽഹിയിൽ എൻ.ഐ.എ സംഘടിപ്പിച്ച ഭീകരവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പ്രഖ്യാപനം. ഭീകരവാദത്തോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് രാജ്യത്ത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കിയതെന്നും അമിത് ഷാ അവകാശപ്പെട്ടു.

ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ ബുധനാഴ്ച സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടത്. ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത് എന്നിവ ഇല്ലാതാക്കണമെങ്കിൽ വിദേശരാജ്യങ്ങളിൽ അഭയം തേടിയ കുറ്റവാളികളെയും ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെയും ഇന്ത്യയിലെത്തിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അമിത് ഷാ പറഞ്ഞു. 2019 മുതൽ വിവിധ രാജ്യങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന 303 പേരെ ഇന്ത്യയിലെത്തിച്ചിട്ടുണ്ടെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സി.ബി.ഐ, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുടെ ഏകോപിത പ്രവർത്തനത്തിലൂടെ 36 രാജ്യങ്ങളിൽനിന്ന് ഭീകരരെ തിരികെയെത്തിച്ചുവെന്നും പറയുന്നു.

അതേസമയം, പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അധോലോക കുറ്റവാളി ഷഹ്സാദ് ഭട്ടിയുടെ ശൃംഖലയെയും ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. യു.എ.പി.എ നിയമപ്രകാരമാണ് നടപടി. രാജ്യത്തുടനീളം ഈ ശൃംഖലയുമായി ബന്ധപ്പെട്ട 40ലേറെ മൊഡ്യൂളുകൾ തകർത്തതായാണ് വിവരം. നൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്യുകയും 271ലേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും പറയുന്നു.

സൈബർ വിദഗ്ധരുടെ സഹായത്തോടെ ഭീകരവിരുദ്ധ സേനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷൻ പരിധിയിൽ ലഭിക്കുന്ന രഹസ്യവിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരിലേക്ക് കൃത്യമായി എത്തിക്കുന്ന സംവിധാനവും അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷാ ഏകോപനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India Cracks Down On Terror Networks
Next Story