ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: സമിതിയിൽ ചേരില്ലെന്ന് ആധിർ രഞ്ജൻ ചൗധരി
text_fieldsന്യൂഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് പഠിക്കാൻ നിയോഗിച്ച സമതിയുടെ ഭാഗമാവില്ലെന്ന് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി. കേന്ദ്ര നിയമന്ത്രാലയം എട്ടംഗ സമിതിയെയാണ് ആശയം പഠിക്കുന്നതിനായി നിയോഗിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് രാത്രി വൈകി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങൾ വഴിയാണ് വിവരമറിഞ്ഞതെന്നും രാജ്യസഭ പ്രതിപക്ഷ നേതാവിനെ സമിതിയിൽ നിന്ന് ഒഴിവാക്കിയത് പാർലമെന്ററി ജനാധിപത്യത്തോടുള്ള ബോധപൂർവമായ അവഹേളനമാണെന്നും അധിർ രഞ്ജൻ കുറ്റപ്പെടുത്തി. കണ്ണിൽപ്പൊടിയിടലാണ് ഈ നീക്കങ്ങളെല്ലാമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
ഒരു വോട്ടർപട്ടികയും ഒരു തിരിച്ചറിയൽ കാർഡുമുപയോഗിച്ച് ഒരേസമയം ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതിനൊപ്പം തന്നെ മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത് പഠിക്കാനും അതിനാവശ്യമായ ഭരണഘടന-നിയമഭേദഗതികൾ ശിപാർശ ചെയ്യാനുമാണ് സമിതിക്കുള്ള നിർദേശം. പാർലമെന്റ് പാസാക്കുന്ന ഈ ഭരണഘടനാഭേദഗതികൾക്ക് സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമാണോ എന്ന് സമിതി പറയും. ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് നടപ്പാക്കിയാൽ തൂക്കുസഭ, അവിശ്വാസപ്രമേയം, കൂറുമാറ്റം തുടങ്ങിയ സാഹചര്യങ്ങളിൽ സാധ്യമായ പരിഹാരവും സമിതി ശിപാർശ ചെയ്യും.
ഉന്നതാധികാര സമിതി അതിന്റെ ശിപാർശകൾ എത്രയും പെട്ടെന്ന് സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിലുണ്ട്. സമിതി ആസ്ഥാനം ന്യൂഡൽഹിയാണ്. ഓഫിസ് സ്ഥലവും മറ്റും നിയമ നീതിന്യായ മന്ത്രാലയം ഒരുക്കും. തങ്ങളുടെ പ്രവർത്തനത്തിനും ശിപാർശകൾക്ക് പര്യാപ്തമെന്ന് സമിതിക്ക് അഭിപ്രായമുള്ള എല്ലാ വ്യക്തികളെയും നിവേദനങ്ങളെയും ആശയവിനിമയങ്ങളെയും സമിതി കേൾക്കും. രാഷ്ട്രപതിയുടെ വേതന-പെൻഷൻ പ്രകാരമുള്ള അലവൻസിന് ചെയർമാൻ രാംനാഥ് കോവിന്ദ് അർഹനായിരിക്കും. എം.പിമാരായ അംഗങ്ങൾക്ക് 1959ലെ പാർലമെന്റ് നിയമപ്രകാരമുള്ള അലവൻസ് ലഭിക്കും. മറ്റ് അംഗങ്ങൾക്ക് ഉയർന്ന ഗ്രേഡിലുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ യാത്ര ബത്ത നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

