അമിത് മാളവ്യയുടെ ബി.ജെ.പി പദവി തെറിച്ചത് പാറ്റ ‘വിപ്ലവ’ത്തിൽ
text_fieldsന്യൂഡൽഹി: പുതിയ അഖിലേന്ത്യാ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റ ശേഷം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൽ ഇളക്കിപ്രതിഷ്ഠ. ജന്തർ മന്തറിലെ പാറ്റ വിപ്ലവത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ബി.ജെ.പിക്കുണ്ടായ തിരിച്ചടിക്ക് പിന്നാലെ ബി.ജെ.പി സമൂഹ മാധ്യമ ചുമതലയിൽനിന്ന് അമിത് മാളവ്യ പുറത്തായി.
അതേസമയം, അമേത്തിയിൽ രാഹുൽ ഗാന്ധിയോട് തോറ്റ് പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് പുറത്തായ സ്മൃതി ഇറാനിയെ യു.പി നിയമസഭാ തെരഞ്ഞെടുപ്പുകൂടി കണ്ട് ജനറൽ സെക്രട്ടറിയാക്കി പാർട്ടിയിലേക്ക് കൊണ്ടുവന്നു.
നേരത്തെ ബി.ജെ.പി ജനറൽ സെക്രട്ടറി പദവി കൈയാളിയിരുന്ന മുതിർന്ന ആർ.എസ്.എസ് നേതാവ് രാം മാധവ് ഉപാധ്യക്ഷനായി തിരിച്ചെത്തിയപ്പോൾ അതേ പദവിയിൽ മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യയെ നിലനിർത്തി. 2010 മുതൽ 2014 വരെ ബി.ജെ.പി ട്രഷറർ ആയിരുന്ന കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഒരു വ്യാഴവട്ടത്തിനുശേഷം പാർട്ടിയുടെ അതേ പദവിയിൽ തിരിച്ചെത്തി. നരേഷ് അഗർവാളിനെ നീക്കിയപ്പോഴാണ് പിയൂഷിന്റെ വരവ്.
അനിൽ ആന്റണിക്കൊപ്പം സുരേന്ദ്രൻ
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള ഏക മുസ്ലിം മുഖമായി ഉപാധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന എ.പി. അബ്ദുല്ലക്കുട്ടിയുടെ സ്ഥാനവും തെറിച്ചു. എന്നാൽ, യു.പി നിയമസഭാ തെഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതുമൂലം അവിടെ നിന്നുള്ള മുസ്ലിം മുഖമായി ഉപാധ്യക്ഷ പദവിയിലുണ്ടായിരുന്ന അലീഗഢ് മുസ്ലിം സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫസർ താരിഖ് മൻസൂറിന് സ്ഥാനചലനം സംഭവിച്ചില്ല. ഉപാധ്യക്ഷന്മാരുടെ എണ്ണം 11ൽ നിന്ന് 13 ആക്കി. കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ മുഖമായി എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ദേശീയ സെക്രട്ടറി സ്ഥാനം നിലനിർത്തി. മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയും അനിൽ ആന്റണിക്കൊപ്പം ഇക്കുറി ദേശീയ സെക്രട്ടറിയാക്കി. മറ്റൊരു മലയാളി അരവിന്ദ് മേനോനും ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായി. ആം ആദ്മി പാർട്ടിയിൽ നിന്ന് രാഘവ് ഛദ്ദക്കൊപ്പം ബി.ജെ.പിയിലേക്ക് വന്ന സന്ദീപ് പഥകിനും ഇതേ പദവി നൽകി. ദേശീയ സെക്രട്ടറിമാരുടെ എണ്ണം 11ൽ നിന്ന് 16 ആക്കിയിട്ടുണ്ട്.
ജനറൽ സെക്രട്ടറിമാരിലും നേതാക്കൾ പുറത്ത്
നേരത്തെ ആറായിരുന്ന ജനറൽ സെക്രട്ടറിമാരുടെ എണ്ണം എട്ടാക്കിയാണ് സ്മൃതി ഇറാനിക്ക് പുറമെ മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ്, സുനിൽ ബൻസാൽ എന്നിവരെ കൂടി പ്രതിഷ്ഠിച്ചത്. അതേസമയം, കാബിനറ്റ് മന്ത്രിയായ ശിവരാജ് സിങ് ചൗഹാന് പുറമെ അരുൺ സിങ്ങും രാധാ മോഹൻ ദാസ് അഗർവാളും പുറത്തായി.
പ്രമുഖരിൽ വിനോദ് താവ്ഡെയും സുനിൽ ബൻസലും ജനറൽ സെക്രട്ടറി പദവി നിലനിർത്തുകയും ചെയ്തു. ബി.ജെ.പിയിൽ ആർ.എസ്.എസ് നിയോഗിച്ച സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി ബി.എൽ. സന്തോഷിനെ നിലനിർത്തിയപ്പോൾ അദ്ദേഹത്തിന്റെ സഹ സംഘടന സെക്രട്ടറി വി. സതീശിനെ മാറ്റി. പോഷക സംഘടനകളായ വിവിധ മോർച്ചകളിലും പുതുമുഖങ്ങളെ കൊണ്ടുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

