Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജവഹർലാൽ നെഹ്‌റു മുതൽ...

ജവഹർലാൽ നെഹ്‌റു മുതൽ ഷഹീൻ ബാഗ് പ്രക്ഷോഭം വരെ; അമിത് മാളവ്യ 10 വർഷം ബി.ജെ.പിക്ക് വേണ്ടി ചെയ്തത്

text_fields
bookmark_border
BJP IT Cell former chief Amit Malviya addressing digital campaign issues
cancel
camera_alt

അമിത് മാളവ്യ

ബിജെപിയുടെ സംഘടനാ പുനഃസംഘടനയിൽ ഐടി സെൽ മേധാവി സ്ഥാനത്തുനിന്ന് അമിത് മാളവ്യ പടിയിറങ്ങുമ്പോൾ, കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഇന്ത്യൻ ഡിജിറ്റൽ രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായ ഒരേടാണ് ചർച്ചയാകുന്നത്. 2015-ൽ ബിജെപി ഐടി സെൽ കൺവീനറായി ചുമതലയേറ്റ മാളവ്യയുടെ നേതൃത്വത്തിൽ ബിജെപി രാജ്യത്തെ ഏറ്റവും ശക്തമായ ഡിജിറ്റൽ സംവിധാനം കെട്ടിപ്പടുത്തുവെങ്കിലും, തെറ്റായ വിവരങ്ങളുടെ വ്യാപനം, വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങൾ, തുടർച്ചയായ നിയമപോരാട്ടങ്ങൾ എന്നിവയാൽ വിവാദഭരിതമായിരുന്ന കാലഘട്ടമായിരുന്നു കഴിഞ്ഞു പോയത്.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും ആഖ്യാന നിർമാണവും

ഒരു കോർപ്പറേറ്റ് ബാങ്കിംഗ് പശ്ചാത്തലത്തിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ മാളവ്യ, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ഡാറ്റാധിഷ്ഠിതവും ആസൂത്രിതവുമായ ഡിജിറ്റൽ യുദ്ധക്കളമാക്കി മാറ്റി. ഓരോ ലോക്‌സഭാ-നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലുള്ള ലക്ഷക്കണക്കിന് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ ശൃംഖല നിർമിച്ച് പരമ്പരാഗത മാധ്യമങ്ങളെ മറികടന്ന് വോട്ടർമാരിലേക്ക് നേരിട്ടെത്താൻ ബിജെപിയെ അത് സഹായിച്ചു.

ഏകദേശം 50 ലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും ലക്ഷക്കണക്കിന് സോഷ്യൽ മീഡിയ വോളന്റിയർമാരും അടങ്ങുന്ന ഒരു ബൃഹത്തായ ഡിജിറ്റൽ നെറ്റ്‌വർക്ക് മാളവ്യയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു. പാർട്ടി ആസ്ഥാനത്ത് തയ്യാറാക്കുന്ന ഒരു രാഷ്ട്രീയ സന്ദേശമോ ആഖ്യാനമോ 'കൺട്രോൾ റൂം' വഴി മിനിറ്റുകൾക്കുള്ളിൽ താഴെത്തട്ടിലുള്ള കോടിക്കണക്കിന് വോട്ടർമാരുടെ ഫോണുകളിലേക്ക് ഒരേസമയം എത്തിക്കാൻ ഈ സംവിധാനത്തിന് കഴിഞ്ഞു. വോട്ടർമാരെ പ്രായം, പ്രദേശം, ജാതി, തൊഴിൽ, മുൻഗണനകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് അവർക്ക് അനുയോജ്യമായ പ്രത്യേക ഉള്ളടക്കങ്ങൾ നിർമിച്ചുനൽകി. മുഖ്യധാരാ മാധ്യമങ്ങളെയും എഡിറ്റോറിയൽ പരിശോധനകളെയും പൂർണ്ണമായി മറികടന്ന് പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ വോട്ടർമാരിലേക്ക് നേരിട്ടെത്തിക്കാൻ ഇത് വലിയ മുൻതൂക്കം നൽകി. എന്നാൽ, ഈ സംവിധാനം രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ നടത്താനും, ഏകപക്ഷീയമായ രാഷ്ട്രീയ ആഖ്യാനങ്ങൾ അടിച്ചേൽപ്പിക്കാനും ഉപയോഗിക്കപ്പെട്ടു എന്ന വിമർശനം തുടക്കം മുതലേ ശക്തമായിരുന്നു.

വസ്തുതാ പരിശോധനകളും 'മാനിപ്പുലേറ്റഡ് മീഡിയ' ലേബലും

ഇന്ത്യയിൽ സ്വതന്ത്ര ഫാക്ട് ചെക്കിങ് പോർട്ടലുകൾക്ക് ഏറ്റവും കൂടുതൽ ഇടപെടേണ്ടി വന്നത് അമിത് മാളവ്യയുടെ സമൂഹമാധ്യമ പോസ്റ്റുകളിലായിരുന്നു.

വ്യാജ വീഡിയോകൾ: പല സന്ദർഭങ്ങളിലും പ്രതിപക്ഷ നേതാക്കളുടെ വ്യാജ്യവും മാറ്റങ്ങൾ വരുത്തിയതുമായ വീഡിയോകൾ ബിജെപി തന്ത്രങ്ങളുടെ ഭാഗമായി പ്രചരിപ്പിക്കപ്പെട്ടു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും പ്രസംഗങ്ങളിൽ നിന്ന് സന്ദർഭത്തിന് വിരുദ്ധമായ ഭാഗങ്ങൾ മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിച്ച് അവരെ പരിഹാസ്യരാക്കാൻ ശ്രമിച്ചുവെന്ന ആക്ഷേപം നിരന്തരം മാളവ്യക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്നു.

കർഷക സമരവും എക്സ് നടപടിയും: 2020-ലെ കർഷക സമരത്തിനിടയിൽ ഒരു കർഷകനെ പോലീസ് ലാത്തിച്ചാർജ് ചെയ്യുന്ന ദൃശ്യത്തെക്കുറിച്ച് മാളവ്യ പങ്കുവെച്ച പോസ്റ്റ്, യഥാർത്ഥ വസ്തുതകളെ വളച്ചൊടിച്ചതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എക്സ് (അന്നത്തെ ട്വിറ്റർ) ആദ്യമായി 'മാനിപ്പുലേറ്റഡ് മീഡിയ' എന്ന് ഔദ്യോഗികമായി അടയാളപ്പെടുത്തി.

ചരിത്രപരമായ വ്യാജപ്രചാരണങ്ങൾ: ചരിത്രത്തെ വക്രീകരിച്ചും തെറ്റായി വ്യാഖാനിച്ചുമുള്ള ആഖ്യാനങ്ങൾ ബി.ജെ.പി പ്രചാരണങ്ങളുടെ മുഖമുദ്രയായിരുന്നു. അതിന്റെ പ്രധാന പ്രചാരകാരനായും മാളവ്യ രംഗത്തുണ്ടായിരുന്നു.

ജവഹർലാൽ നെഹ്‌റു വിവിധ വനിതകളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ദുരുദ്ദേശ്യപരമായി പങ്കുവെച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ആ ചിത്രങ്ങളിൽ ഉണ്ടായിരുന്നത് നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ്, സഹോദരീപുത്രി നയൻതാര സെഹ്ഗാൾ, പ്രമുഖ നർത്തകി മൃണാളിനി സാരാഭായ് എന്നിവരായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ക്വിറ്റ് ഇന്ത്യ സമരത്തിൽ ഹിന്ദുത്വ സംഘടനകൾ വഹിച്ച പങ്കിനെ ഉയർത്തിക്കാട്ടാനും കോൺഗ്രസ് മുന്നേറ്റങ്ങളെ ചെറുതാക്കിക്കാണിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ചില അപൂർണ ചരിത്രരേഖകൾ പങ്കുവെച്ചു. എന്നാൽ ക്വിറ്റ് ഇന്ത്യാ സമരത്തെ ഹിന്ദു മഹാസഭയും സവർക്കറും എതിർത്തതിന്റെയും ബ്രിട്ടീഷ് സർക്കാരുമായി സഹകരിച്ചതിന്റെയും ചരിത്രരേഖകൾ പുറത്തുവന്നു. നേതാജിയെ കോൺഗ്രസും നെഹ്‌റുവും നിരന്തരം ചാരപ്രവർത്തനത്തിന് വിധേയമാക്കി എന്ന പ്രചാരണമായിരുന്നു മറ്റൊന്ന്. ഈ വിഷയത്തിൽ പുറത്തുവന്ന പല രേഖകളും സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതാണെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു.

എഫ്‌ഐആറുകളും നിയമപരമായ തിരിച്ചടികളും

രാഷ്ട്രീയ എതിരാളികൾക്കെതിരെ നടത്തിയ പ്രസ്താവനകളുടെ പേരിൽ നിരവധി സംസ്ഥാനങ്ങളിൽ മാളവ്യ നിയമനടപടികൾ നേരിട്ടിട്ടുണ്ട്.

കർണാടകയിലെ എഫ്‌ഐആർ: രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ വീഡിയോ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് കർണാടക പോലീസ് അമിത് മാളവ്യക്കെതിരെ ഐപിസി സെക്ഷൻ 153A, 120B, 505(2) എന്നിവ പ്രകാരം കേസെടുത്തിരുന്നു.

പശ്ചിമ ബംഗാളിലെ കേസും ലൈംഗിക ആരോപണ വിവാദവും: ബംഗാൾ തെരഞ്ഞെടുപ്പ് കാലത്തെ പ്രകോപനപരമായ പ്രചാരണങ്ങളുടെ പേരിൽ കൊൽക്കത്തയിലും മാളവ്യക്കെതിരെ പരാതികൾ ഉയർന്നു. പിന്നീട് ആർഎസ്എസ് പ്രവർത്തകനായ ശന്തനു സിൻഹ ഉന്നയിച്ച ആരോപണങ്ങളെത്തുടർന്ന് മാളവ്യ കോടതിയെ സമീപിച്ച് മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങളെത്തി.

വിദ്വേഷ പ്രചാരണങ്ങളും ധ്രുവീകരണവും

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷഹീൻ ബാഗ് പ്രക്ഷോഭം, ജെഎൻയു സമരം, കോവിഡ് കാലത്തെ തബ്‌ലീഗി ജമാഅത്ത് വിവാദം എന്നിവയിലൊക്കെ ഐടി സെൽ നടത്തിയ പ്രചാരണങ്ങൾ സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടിയതായി വിലയിരുത്തപ്പെടുന്നു. സമരക്കാരെ 'രാജ്യവിരുദ്ധർ' എന്നും 'തുക്‌ഡെ തുക്‌ഡെ ഗ്യാങ്' എന്നും മുദ്രകുത്തി പൊതുസമൂഹത്തിൽ അവിശ്വാസവും വിദ്വേഷവും പടർത്താൻ ഐടി സെല്ലിന്റെ ഔദ്യോഗിക-അനൗദ്യോഗിക അക്കൗണ്ടുകൾ മുൻപന്തിയിലുണ്ടായിരുന്നു.

മാറ്റത്തിന്റെ പശ്ചാത്തലം

മെറ്റാ, ഗൂഗിൾ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങൾ നൽകി വോട്ടർമാരെ 'മൈക്രോ ടാർഗെറ്റിംഗ്' ചെയ്യുന്ന അത്യാധുനിക സംവിധാനം ബിജെപിക്ക് ഉണ്ടാക്കിക്കൊടുത്തുവെങ്കിലും, പ്രതിപക്ഷത്തിന്റെ ശക്തമായ 'ഫാക്ട് ചെക്കിംഗ്' പ്രതിരോധവും സോഷ്യൽ മീഡിയയിലെ ആക്രമണാത്മക ശൈലിയുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടവും മാളവ്യയ്ക്ക് തിരിച്ചടിയായി. ബിജെപി നേതൃത്വം പുതിയ ശൈലി തേടുന്നതിന്റെ ഭാഗമായി ദീപക് മസ്കെയെ ചുമതലയേൽപ്പിക്കുമ്പോൾ, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഡിജിറ്റൽ അപവാദപ്രചാരണങ്ങളുടെയും സൈബർ ധ്രുവീകരണത്തിന്റെയും മായാത്ത മുദ്രകൾ അവശേഷിപ്പിച്ചാണ് അമിത് മാളവ്യയുടെ പടിയിറക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT CellAmit Malviyabjp
News Summary - From Disinformation to Legal Battles: Critical Look at Amit Malviya's Tenure as BJP IT Cell Chief
Next Story