എസ്.ഡി.പി.ഐയെ പിന്തുണക്കുന്ന പ്രശ്നമില്ല -അമിത് മാളവ്യ
text_fieldsന്യൂഡൽഹി: എസ്.ഡി.പി.ഐയെ ബി.ജെ.പി പിന്തുണക്കുന്ന പ്രശ്നമില്ലെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ. കർണാടകയിലെ തലപ്പാടി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയെ ബി.ജെ.പി പിന്തുണച്ചെന്ന വാർത്ത പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് വ്യാജ വാർത്തയാണ്. കർണാടകയിലെ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നമുണ്ടായിരുന്നില്ല, പിന്നെങ്ങനെ സഖ്യമുണ്ടാകും? എസ്.ഡി.പി.ഐയെ പിന്തുണയ്ക്കുന്ന പ്രശ്നമില്ല -അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
Also Read:തലപ്പാടിയിൽ രണ്ട് ബി.ജെ.പി അംഗങ്ങളുടെ പിന്തുണയിൽ എസ്.ഡി.പി.ഐക്ക് പഞ്ചായത്ത് ഭരണം
ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി ഗ്രാമപഞ്ചായത്തിൽ വ്യാഴാഴ്ച നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ വിജയിച്ച രണ്ട് അംഗങ്ങളുടെ കൂടി വോട്ട് നേടി എസ്.ഡി.പി.ഐ അംഗം ടി. ഇസ്മയിൽ പ്രസിഡന്റായിരുന്നു. ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്.
This is #FakeNews. To start with, there are no party symbols in Panchayat in Karnataka. So how can there be any alliance? Besides there is no question of supporting the SDPI. Period. https://t.co/gr8Y7J89qk
— Amit Malviya (@amitmalviya) August 11, 2023
അതേസമയം, തലപ്പാടി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പിന്തുണ എസ്.ഡി.പി.ഐ തേടിയിട്ടില്ലെന്ന് പാർട്ടി കർണാടക സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് പുത്തൂർ 'മാധ്യമ'ത്തോട് പറഞ്ഞു. തങ്ങൾ പിന്തുണ തേടാതെയാണ് രഹസ്യ വോട്ടെടുപ്പിൽ ബി.ജെ.പിയിലെ രണ്ടുപേർ ഇസ്മയിലിന് വോട്ടുചെയ്തതെന്നും അബ്ദുൽ ലത്തീഫ് പുത്തൂർ വ്യക്തമാക്കി.
‘പഞ്ചായത്തിൽ മൊത്തം 24 അംഗങ്ങളാണുള്ളത്. ബി.ജെ.പി-13, എസ്.ഡി.പി.ഐ -10, കോൺഗ്രസ് -ഒന്ന് എന്നിങ്ങിനെയാണ് അംഗങ്ങൾ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗത്തിന്റെ പിന്തുണ എസ്.ഡി.പി.ഐ തേടി. ബി.ജെ.പിയെ ഭരണത്തിൽനിന്ന് പുറത്താക്കാനായിരുന്നു അത്. എന്നാൽ, കോൺഗ്രസ് അംഗം വൈഭവ് ഷെട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ബി.ജെ.പിക്കുള്ള പരോക്ഷ പിന്തുണയായിരുന്നു ഇത്. ഉംറക്ക് പോയതിനാൽ എസ്.ഡി.പി.ഐയുടെ ഒരു അംഗം ഹാജരായില്ല. ഫയാസ്, മുഹമ്മദ് എന്നീ അംഗങ്ങൾ പ്രസിഡന്റ് ആവാനുള്ള ആഗ്രഹം ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. ഇത് നിരസിച്ചതിനാൽ ബി.ജെ.പി അംഗം ചന്ദ്രയെ പ്രസിഡന്റാക്കണം എന്ന നിർദേശം ഇരുവരും മുന്നോട്ട് വെച്ചു. ഇതും തള്ളിയ ബി.ജെ.പി സത്യരാജിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കി. ഈ സാഹചര്യത്തിൽ ഫയാസ്, മുഹമ്മദ് എന്നീ അംഗങ്ങൾ എസ്.ഡി.പി.ഐ സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. ഇതോടെ രണ്ട് സ്ഥാനാർഥികൾക്കും തുല്യ വോട്ടുകൾ ലഭിച്ചു. നറുക്കെടുപ്പിൽ ഇസ്മയിലിനെ ഭാഗ്യം തുണച്ചതോടെ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് മാറ്റുക എന്ന ലക്ഷ്യം സാധ്യമായി’ -അബ്ദുൽ ലത്തീഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


