വഖഫ് ഭേദഗതി ബിൽ: പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പുകൾ ഉൾപ്പെടുത്തുന്നതിൽ വിരോധമില്ലെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ട് പാർലമെന്റിൽ വെച്ചതിന് പിന്നാലെ ഇരു സഭകളിലും ബഹളം. റിപ്പോർട്ട് ലോക്സഭയുടേയും രാജ്യസഭയുടേയും മേശപ്പുറത്ത് വെച്ചതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷം ഉന്നയിച്ച ചില കാര്യങ്ങളിൽ ഉന്നയിച്ച ചില വിയോജനം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് ബഹളം ഉണ്ടായത്.
ജയ് ശ്രീറാം വിളികൾക്കിടയിലാണ് വഖഫ് ഭേദഗതി ബില്ലിൻമേലുള്ള സംയുക്ത പാർലമെന്ററി കമിറ്റിയുടെ റിപ്പോർട്ട് ചെയർപേഴ്സൺ ജഗദാംബിക പാൽ ലോക്സഭക്ക് മുമ്പാകെ സമർപ്പിച്ചത്. തുടർന്നായിരുന്നു ബഹളമുണ്ടായത്. ഇതിനിടെ ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ബിൽ സംബന്ധിച്ച് പ്രസ്താവന നടത്തി.ബില്ലിൻമേൽ ചില പ്രതിപക്ഷ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇത് പൂർണമായും ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല. ഇത് ഉൾപ്പെടുത്തുന്നതിൽ ഒരു വിരോധവുമില്ലെന്ന് അമിത് ഷാ പറഞ്ഞു.
രാജ്യസഭയിൽ എം.പി മേധ കുൽക്കർണിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ പിന്നീട് സഭയിൽ നിന്നും ഇറങ്ങിപ്പോയി. വ്യാജ റിപ്പോർട്ടുകളെ പ്രതിപക്ഷം അംഗീകരിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വിഷയം വീണ്ടും ജെ.പി.സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജെ.പി.സി റിപ്പോർട്ടിൽ പലരും അറിയിച്ച വിയോജിപ്പുകൾ ഉൾപ്പെട്ടിട്ടില്ല. ഇത് ജനാധിപത്യവിരുദ്ധമാണ്. തങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ബുൾഡോസ് ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിട്ടുകളഞ്ഞവ കൂട്ടിച്ചേർത്തു -സ്പീക്കർ
ന്യൂഡൽഹി: ജെ.പി.സി ചെയർമാൻ ജഗദാംബികാ പാൽ റിപ്പോർട്ടിൽ ചേർക്കാതെ വിട്ടുകളഞ്ഞ ഭാഗം പാർലമെന്റിൽ വെച്ച റിപ്പോർട്ടിന്റെ അനുബന്ധമായി ചേർക്കാൻ താൻ നിർദേശം നൽകിയെന്ന് സ്പീക്കർ ഓം ബിർല ലോക്സഭയെ അറിയിച്ചു. വഖഫ് ജെ.പി.സിയിലെ പ്രതിപക്ഷ അംഗങ്ങൾതന്നെ കണ്ട് ഇക്കാര്യം ധരിപ്പിച്ചപ്പോഴാണ് താൻ ഈ നിർദേശം നൽകിയതെന്നും ഓം ബിർല പറഞ്ഞു.
വിയോജിപ്പുകൾക്ക് കത്രിക വെച്ച് ജഗദാംബികാ പാൽ സമർപ്പിച്ച റിപ്പോർട്ടിനെതിരെ പ്രതിപക്ഷ എം.പിമാർ ഒന്നടങ്കം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുമ്പോഴാണ് സ്പീക്കർ ഇക്കാര്യം അറിയിച്ചത്. അതേസമയം, പ്രതിപക്ഷത്തിന്റെ വെട്ടിമാറ്റിയ വിയോജനക്കുറിപ്പുകൾ ചേർത്തുവെന്ന് സ്പീക്കർ ഓം ബിർല പറഞ്ഞ ശേഷവും തന്റെ വിയോജനക്കുറിപ്പിലെ പല ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്ന് ജെ.പി.സിയിലെ കോൺഗ്രസ് അംഗം സയ്യിദ് നസീർ ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

