നരവനെ ഇഫക്ട്; സൈനികരുടെ പുസ്തകരചനക്ക് നിയന്ത്രണം വരുന്നു
text_fieldsന്യൂഡൽഹി: മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകപരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ പുതിയ മാർഗനിർദേശങ്ങൾക്ക് രൂപംനൽകാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. ഭാവിയിൽ പുസ്തകം എഴുതാനും പ്രസിദ്ധീകരിക്കാനും ഉദ്ദേശിക്കുന്ന സർവിസിലുള്ള സൈനികർക്കും വിരമിച്ചവർക്കും വേണ്ടിയാണ് കർക്കശ ചട്ടങ്ങൾ ഉൾക്കൊള്ളിച്ചുള്ള മാർഗരേഖ ഇറക്കുക.
നിർദിഷ്ട ചട്ടങ്ങൾക്ക് കീഴിൽ, സായുധ സേനകളെ പ്രതിപാദിക്കുന്ന പുസ്തകങ്ങൾ എഴുതുന്നതിനുമുമ്പേ പ്രതിരോധ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങണം. വിരമിക്കുന്നവരാണ് തങ്ങളുടെ അനുഭവങ്ങൾ വിവരിച്ച് പുസ്തകങ്ങൾ എഴുതാറുള്ളത്. ഉള്ളടക്കവും സ്വഭാവവും അനുസരിച്ച് ചില സർവിസ് ചട്ടങ്ങൾ ഉണ്ടെങ്കിലും നിലവിൽ ഗ്രന്ഥരചനയെ നിയന്ത്രിക്കുന്ന വേറിട്ട നിയമം ഇല്ല.
പ്രതിരോധ മന്ത്രാലയത്തിൽ പുതിയ മാർഗരേഖ ആവിഷ്കരിക്കുന്ന കാര്യത്തിൽ ഗൗരവമേറിയ ചർച്ചകൾ നടക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. സൈന്യവുമായി ബന്ധപ്പെട്ട പുസ്തകരചനക്കും പ്രസാധനത്തിനുമുള്ള നടപടിക്രമങ്ങൾ വിശദമാക്കുന്നതായിരിക്കും പുതിയ ചട്ടങ്ങൾ. അവ പാലിക്കാതെ രചനകൾ നടത്തിയാൽ എടുത്തേക്കാവുന്ന നിയമനടപടികളും ഉൾക്കൊള്ളിക്കും. പ്രതിരോധ മന്ത്രാലയവും സൈന്യവും ഇതുസംബന്ധിച്ച് വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും പുതിയ ചട്ടങ്ങൾ താമസിയാതെ നിലവിൽവരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

