കോശിയാരിയുടെ പ്രസ്താവന മറാത്തികളെ അപമാനിക്കുന്നതല്ല -ബി.ജെ.പി നേതാവ് നിതേഷ് റാനെ
text_fieldsന്യൂഡൽഹി: ഗുജറാത്തികളെയും രാജസ്ഥാനികളെയും മഹാരാഷ്ട്രയിൽ നിന്ന് പുറത്താക്കിയാൽ മുംബൈക്ക് രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമെന്ന പദവി നഷ്ടമാകുമെന്ന മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശിയാരിയുടെ വിവാദ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി നേതാവ് നിതേഷ് റാനെ. പ്രസ്താവന മറാത്തികളെ അപമാനിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് ഓക്സ് മാനേജ്മെന്‍റ് കമ്പനി സ്ഥാപിച്ച താൽകാലിക പരിചരണ കേന്ദ്രങ്ങളെ കുറിച്ചുള്ള വാർത്ത ട്വിറ്ററിൽ പങ്കുവെച്ചാണ് റാനെ പ്രതികരിച്ചത്. ഒരു മറാത്തി ബിസിനസുകാരനും കമ്പനിയുടെ കരാർ എന്തുകൊണ്ട് ലഭിച്ചില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വാസ്തവത്തിൽ സമ്പന്നരായ എത്ര മറാത്തികളുണ്ടെന്നും അദ്ദേഹം ചോദിച്ചു. അതുകൊണ്ട് ഗവർണറുടെ പരാമർശം ആരെയും നിന്ദിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
"ഗുജറാത്തികളെയും രാജസ്ഥാനികളെയും മഹാരാഷ്ട്രയിൽ നിന്ന്, പ്രത്യേകിച്ച് മുംബൈയിലും താനെയിൽ നിന്നും പുറത്താക്കിയാൽ, ഇവിടെ പണമൊന്നും അവശേഷിക്കില്ല. അങ്ങനെ സംഭവിച്ചാൽ രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായി മുംബൈക്ക് പിന്നീട് തുടരാൻ സാധിക്കില്ല" - ഇതായിരുന്നു ഗവർണറുടെ വിവാദ പരാമർശം.
ശിവസേനയിൽ നിന്നും കോൺഗ്രസിൽ നിന്നും നിരവധി നേതാക്കൾ കോശിയാരിയുടെ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കഠിനാധ്വാനികളായ മറാത്തി ജനതയെ ഗവർണർ അപമാനിച്ചെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് ആരോപിച്ചു. ബി.ജെ.പി സ്‌പോൺസർ ചെയ്‌ത മുഖ്യമന്ത്രി അധികാരമേറ്റെടുത്തതിന് പിന്നാലെ മറാത്തി ജനങ്ങൾ സംസ്ഥാനത്ത് അപമാനിക്കപ്പെടുകയാണെന്നും റാവത്ത് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

