ബി.ജെ.പിക്ക് വനിത അധ്യക്ഷ വരുമോ ?; സാധ്യതയിൽ ഇവർ, പച്ചക്കൊടി കാട്ടി ആർ.എസ്.എസ്
text_fieldsബി.ജെ.പിയുടെ ദേശീയ മേധാവി ആരാകുമെന്ന ചർച്ചകൾക്കിടെ പാർട്ടിയെ നയിക്കാൻ വനിത അധ്യക്ഷ എത്തുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നത്. ബി.ജെ.പി അധ്യക്ഷനായി 2023 ജനുവരിയിൽ തന്നെ ജെ.പി നദ്ദയുടെ കാലാവധി അവസാനിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ കാലാവധി ലോക്സഭ തെരഞ്ഞെടുപ്പ് വരെ പിന്നീട് നീട്ടി നൽകുകയായിരുന്നു. ഈ കാലാവധി കഴിഞ്ഞിട്ടും പുതിയ ദേശീയ മേധാവിയെ തെരഞ്ഞെടുക്കാൻ പാർട്ടിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
വനിത പാർട്ടിയുടെ തലപ്പത്തേക്ക് എത്തുകയാണെങ്കിൽ മൂന്ന് നേതാക്കളെയാണ് ബി.ജെ.പി പ്രധാനമായും പരിഗണിക്കുന്നത്. നിർമല സീതാരാമൻ, ഡി.പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ എന്നീ പേരുകളാണ് പാർട്ടിയുടെ സജീവപരിഗണനയിലുള്ളത്.
നിർമല സീതാരാമൻ
നിർമല സീതാരാമനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയുമായും ജനറൽ സെക്രട്ടറി ബി.എൽ സന്തോഷുമായും പാർട്ടി ആസ്ഥാനത്തുവെച്ച് കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. നിർമല സീതാരാമനെ തലപ്പത്തെത്തിച്ചാൽ ദക്ഷിണേന്ത്യയിൽ വേരോട്ടം വർധിപ്പിക്കാമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. 33 ശതമാനം വനിത സംവരണമെന്ന നയത്തിന് ഇതിലൂടെ കൂടുതൽ പ്രചാരണം നൽകാൻ കഴിയുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.
ഡി.പുരന്ദേശ്വരി
ബി.ജെ.പിയുടെ മുൻ ആന്ധ്ര അധ്യക്ഷയാണ് പുരന്ദേശ്വരി. രാഷ്ട്രീയരംഗത്ത് മികച്ച പ്രവർത്തനമാണ് പുരന്ദേശ്വരി കാഴ്ചവെക്കുന്നതെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി വിദേശത്ത് പോയ പ്രതിനിധികളോടൊപ്പം പുരന്ദേശ്വരിയും ഉണ്ടായിരുന്നു.
വാനതി ശ്രീനിവാസൻ
അഭിഭാഷകയായി കരിയർ തുടങ്ങി രാഷ്ട്രീയത്തിലേക്ക് എത്തിപ്പെട്ട നേതാവാണ് വാനതി ശ്രീനിവാസൻ. നിലവിൽ കോയമ്പത്തൂർ സൗത്ത് എം.എൽ.എയാണ്. 1993ൽ ബി.ജെ.പി അംഗമായത് മുതൽ നിരവധി പദവികൾ അവർ വഹിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയവ അവർ വഹിച്ച പദവികളാണ്.
2020ൽ അവർ മഹിള മോർച്ചയുടെ ദേശീയ പ്രസിഡന്റായിരുന്നു. 2022ൽ ബി.ജെ.പി ദേശീയ തെരഞ്ഞെടുപ്പ് കമിറ്റിയുടെ അംഗമായും പ്രവർത്തിച്ചു.
ആർ.എസ്.എസിന്റെ പച്ചക്കൊടി
ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കണമെന്ന നിർദേശം ആർ.എസ്.എസാണ് മുന്നോട്ടുവെച്ചതെന്ന് റിപ്പോർട്ടുണ്ട്. ബി.ജെ.പിക്ക് വനിത നേതൃത്വം വരുന്നതിലൂടെ ഒരുപാട് ഗുണമുണ്ടാവുമെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

