സെൻ്റിനൽ ദ്വീപിൽ ശീതള പാനീയത്തിൻറെ കാൻ വലിച്ചെറിഞ്ഞ യൂടൂബർ പിടിയിൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ മഹാ സമുദ്രത്തിലെ ഒറ്റപ്പെട്ട ഗോത്ര ദീപിൽ ശീതള പാനീയത്തിന്റെ കാൻ എറിഞ്ഞ അമേരിക്കൻ യൂടൂബർ പൊലീസ് കസ്റ്റഡിയിൽ. 24 കാരനായ മിഖൈലോ വിക്ടോറോവിച്ച് പോളിയാക്കോവ് ആണ് അറസ്റ്റിലായത്. ആൻഡമാൻ നിക്കോബാറിലെ പുറമേ നിന്നുള്ളവർക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണമുള്ള നോർത്ത് സെന്റിനൽ ദ്വീപിലാണ് യുവാവ് ദ്വീപ് നിവാസികളെ ആകർഷിക്കുന്നതിനായി പാനീയത്തിൻറെ കാൻ വലിച്ചെറിഞ്ഞത്. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് മാർച്ച് 31 നാണ് യുവാവിനെ അറസ്റ്റു ചെയ്തു.
കഴിഞ്ഞ ആഴ്ച 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പോളിയാക്കോവിനെ ഏപ്രിൽ 17 ന് കോടതിയിൽ ഹാജരാക്കും. അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് യുവാവിനുമേൽ ചുമത്തിയിട്ടുള്ളത്. യു.എസ് എംബസിയെ വിവരമറിയിച്ചതായി അധികൃതർ പറഞ്ഞു.
അധികൃർ നൽകുന്ന വിവരമനുസരിച്ച് ഒരു മണിക്കൂറോളം ദ്വീപിൽ ചെലവഴിച്ച പോളിയാക്കോവ് ദ്വീപ് നിവാസികൾക്ക് ശീതളപാനീയവും തേങ്ങയും എറിഞ്ഞു നൽകുകയും ഗോത്രവർഗകാരുടെ ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയും ദ്വീപിൽ നിന്ന് മണ്ണ് ശേഖരിച്ച് മടങ്ങുകയുമായിരുന്നു. സെന്റിനൽ ദ്വീപ് ജനതയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവൃത്തിയാണ് യുവാവിൻറെ ഭാഗത്ത് നിന്നുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ഇതിനു മുമ്പ് രണ്ട് തവണ പോളിയാക്കോവ് ദ്വീപിലെത്താൻ ശ്രമം നടത്തിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സർവൈവൽ ഇന്റർനാഷണൽ സംഘടന യൂടൂബറുടെ നടപടിയെ അപലപിച്ചു. ആയിരകണക്കിനു വർഷങ്ങളായി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ടു ജീവിക്കുന്ന ഗോത്ര വിഭാഗങ്ങളാണ് സെന്റിനൽ ദ്വീപിലുള്ളത്. ദ്വീപിൻറെ അഞ്ച് കിലോമീറ്റർ പരിധിയിൽ സന്ദർശകർക്ക് പ്രവേശനമില്ല. തങ്ങളുടെ ആവാസ വ്യവസ്ഥയിൽ പുറമെ നിന്നാരെങ്കിലും എത്തിയാൽ അവരെ ആക്രമിക്കാാനുള്ള അപകടകരമായ ആയുധങ്ങൾ ഇവരുടെ പക്കലുണ്ട്. 2018ൽ ദ്വീപിലേക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ മിഷണറി ദ്വീപ് നിവാസികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

