തകർന്ന റോഡിൽ ആംബുലൻസ് കുടുങ്ങി; ഉത്തർപ്രദേശിൽ നവജാത ശിശുവിന് ദാരുണാന്ത്യം
text_fieldsഎ.ഐ നിർമിത ചിത്രം
ലഖ്‌നോ: തകർന്ന റോഡിൽ ആംബുലൻസ് കുടുങ്ങി ഉത്തർപ്രദേശിൽ നവജാത ശിശുവിന് ദാരുണാന്ത്യം. ഗധ്വാർ ഗ്രാമത്തിലാണ് സംഭവം. ബാഹ് മേഖലയിലെ തകർന്ന റോഡിൽ ആംബുലൻസ് രണ്ട് മണിക്കൂറോളമാണ് കുടുങ്ങി കിടന്നത്.
സെപ്റ്റംബർ രണ്ടിന് പ്രദീപ് സിങ്ങിന്റെ ഭാര്യക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം സർക്കാർ ആംബുലൻസ് വിളിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മോശമായ റോഡിൽ ആംബുലൻസ് കുടുങ്ങി. തുടർന്ന് ഗ്രാമവാസികൾ ആംബുലൻസ് ഒരു ട്രാക്ടറിൽ കെട്ടിവലിച്ചാണ് പുറത്തെടുത്തത്. ഏറെ ബുദ്ധിമുട്ടുകൾക്ക് ശേഷം യുവതി ആശുപത്രിയിൽ എത്തിയെങ്കിലും, അപ്പോഴേക്കും നവജാത ശിശുവിന്റെ ശ്വാസം നിലച്ചിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താത്തതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദീപ് കുമാർ അധികാരികൾക്ക് പരാതി നൽകി.
സെപ്റ്റംബർ അഞ്ചിന് നടന്ന തഹസിൽ ദിവസിൽ ലഭിച്ച പരാതി പൊതുമരാമത്ത് വകുപ്പിലേക്ക് അയച്ചിട്ടുണ്ടെന്നും വകുപ്പിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വിനോദ് കുമാർ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചയുടൻ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രതികരണങ്ങളും ശക്തമായിട്ടുണ്ട്. സംഭവത്തിന്റെ വാർത്താ ക്ലിപ്പ് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച സമാജ്‌വാദി പാർട്ടി (എസ്‍.പി) അധ്യക്ഷൻ അഖിലേഷ് യാദവ് മരണത്തിന് കാരണം ഭരണകൂടത്തിന്റെ അഴിമതിയാണെന്ന് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

