ആശുപത്രി ആംബുലൻസ് നിഷേധിച്ചു; നാല് മാസം പ്രായമുള്ള മകന്‍റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ആദിവാസി പിതാവ് ബസിൽ യാത്ര ചെയ്തു
text_fieldsഡിംബ ചതോംബ
റാഞ്ചി: ആശുപത്രിയുടെ ക്രൂരമായ അനാസ്ഥ കാരണം നാല് മാസം പ്രായമുള്ള മകന്‍റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ആദിവാസിക്ക് ബസിൽ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ജാർഖണ്ഡിലെ ചൈബാസ സദർ ആശുപത്രിയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പനി മൂലം വ്യാഴാഴ്ചയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച് ചികിത്സക്കിടെയാണ് കുഞ്ഞ് മരിച്ചത്. മകൻ മരിച്ചതോടെ മൃതദേഹം ഗ്രാമത്തിലെത്തിക്കാൻ വാഹനം വേണമെന്ന് അച്ഛനായ ഡിംബ ആശുപത്രി മാനേജ്‌മെന്‍റിനോട് അപേക്ഷിച്ചിരുന്നു.
മണിക്കൂറുകളോളം കാത്തിരുന്നിട്ടും യാത്രാസൗകര്യം ഒരുക്കാൻ അധികൃതർ തയാറായിരുന്നില്ല. അതേസമയം, കുട്ടിയുടെ പിതാവിന്‍റെ പോക്കറ്റിൽ 100 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.അതിൽ നിന്നും 20 രൂപക്ക് അടുത്തുള്ള കടയിൽനിന്ന് ഒരു പ്ലാസ്റ്റിക് കവർ വാങ്ങി, അതിൽ മകന്‍റെ മൃതദേഹം പൊതിഞ്ഞെടുക്കുകയായിരുന്നു. ബാക്കി പണമുപയോഗിച്ച് ചൈബാസയിൽനിന്ന് നോവാമുണ്ടിയിലേക്കുള്ള ബസിൽ അദ്ദേഹം മൃതദേഹവുമായി യാത്ര തിരിച്ചു. നോവാമുണ്ടിലിറങ്ങിയ കുട്ടിയുടെ അച്ഛൻ സ്വന്തം ഗ്രാമത്തിലേക്ക് നടന്നാണ് പോയതെന്ന് നാട്ടുകാർ പറഞ്ഞു. ആശുപത്രിയുടെ ഭാഗത്തുനിന്ന് ഒരു സഹായമോ പരിഗണനയോ ലഭിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
മൃതദേഹങ്ങൾ കൊണ്ടുപോകാൻ ആംബുലൻസ് നൽകാറില്ലെന്നും അതിനായി പ്രത്യേക വാഹന സംവിധാനമാണ് ജില്ലയിലുള്ളതെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. മൃതദേഹം കൊണ്ട് പോകാനുള്ള വാഹനം അപ്പോൾ മനോഹർപൂരിലായിരുന്നു. രണ്ട് മണിക്കൂർ കൂടി കാത്തിരിക്കാൻ ഞങ്ങൾ കുഞ്ഞിന്‍റെ കുടുംബത്തോട് ആവശ്യപ്പെട്ടതാണ്. എന്നാൽ അവർ അതിന് തയാറാകാതെ മൃതദേഹം ബാഗിലാക്കി വീട്ടിലേക്ക് പോയെന്നാണ് ആശുപത്രി അധികൃതർ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നത്. ഇങ്ങനെയൊന്ന് ഒരു ആദിവാസി കുടുംബത്തിന് സംഭവിച്ചിട്ടുണ്ടെങ്കിൽ, അന്വേഷണം നടത്തുകയും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി ഇർഫാൻ അൻസാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

