സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി പ്രകാശ് അംബേദ്കർ; കേന്ദ്രത്തിന്റേത് സ്വേച്ഛാധിപത്യമെന്ന് വിമർശനം
text_fieldsമുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഡൽഹിയിൽ സിജെപി (കോക്ക്‌റോച്ച് ജനതാ പാർട്ടി) നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡോ. ബി.ആർ അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ് അംബേദ്കർ. സമാധാനപരമായ സമരത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ സ്വേച്ഛാധിപത്യ സമീപനം സ്വീകരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ദക്ഷിണ മുംബൈയിലെ ഹുതാത്മ ചൗക്കിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെയാണ് വഞ്ചിത് ബഹുജൻ അഘാഡി അധ്യക്ഷൻ കൂടിയായ പ്രകാശ് അംബേദ്കർ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം സഞ്ചാര നിയന്ത്രണങ്ങളിലൂടെയും പോലീസ് നടപടികളിലൂടെയും ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു. ഇതിനെ തെരഞ്ഞെടുപ്പ് നേട്ടങ്ങളുടെ കണ്ണിലൂടെ മാത്രം കാണരുതെന്നും എല്ലാ പ്രതിപക്ഷ പാർട്ടികളെയും സംഘടനകളെയും സമരത്തിലേക്ക് ക്ഷണിക്കാൻ രാഹുൽ ഗാന്ധി മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരെ തെരഞ്ഞെടുക്കണമെന്ന് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടർമാർ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലേക്ക് ആളുകൾ എത്തുന്നത് തടയാൻ ഗതാഗത സംവിധാനങ്ങൾ മനപൂർവം തടസപ്പെടുത്തുകയാണെന്നാണ് പ്രകാശ് അംബേദ്കറുടെ പ്രധാന ആരോപണം. ട്രെയിനുകൾ റദ്ദാക്കിയും മെട്രോ സ്റ്റേഷനുകൾ അടച്ചും സമരത്തെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അതിനെ ഇങ്ങനെ അടിച്ചമർത്തുന്നത് സ്വേച്ഛാധിപത്യത്തിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബാരിക്കേഡുകൾ കെട്ടി ജനങ്ങളെ തടയുന്നതും കിലോമീറ്ററുകൾ നടത്തിക്കുന്നതും നോട്ടീസിന്റെയും അറസ്റ്റിന്റെയും പേരിൽ ഭയപ്പെടുത്തുന്നതും ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങൾ ഈ രാജ്യത്തിന്റെ ഉടമകളല്ല മറിച്ച് അഞ്ച് വർഷത്തേക്ക് ജനങ്ങൾ തെരഞ്ഞെടുത്തവരാണ്. സമാധാനപരമായി ഭരിക്കണം. സ്വേച്ഛാധിപത്യത്തിന്റെ വഴിയിലേക്ക് പോകരുതെന്നും സമരം നടക്കാൻ അനുവദിച്ച് ജനങ്ങൾ എന്താണ് പറയുന്നതെന്ന് കേൾക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
അറസ്റ്റ് ഭയന്ന് പിന്മാറരുതെന്ന് സിജെപി കൺവീനർ അഭിജിത് ദീപ്കെയോട് പ്രകാശ് അംബേദ്കർ പറഞ്ഞു. വോട്ടർ രജിസ്ട്രേഷനായി ഉപയോഗിക്കുന്ന ഫോം 6ൽ മാറ്റം വരുത്തിയെന്നും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനക്കിടെ ക്രമക്കേട് നടന്നതിന്‍റെ ഉത്തരാവാദിത്തം ഏറ്റെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സിജെപിയുടെ സമരം. അറസ്റ്റ് ചെയ്താലും എഫ്ഐആർ ഇട്ടാലും ജയിലിലടച്ചാലും അവസാനം വരെ പോരാട്ടം തുടരണമെന്നാണ് ദീപ്കെക്ക് പ്രകാശ് അംബേദ്കർ നൽകിയ ഉപദേശം.
അടിയന്തരാവസ്ഥക്കാലത്തും മണ്ഡൽ കമ്മീഷൻ സമരക്കാലത്തും പോലും ഇത്ര കടുത്ത അടിച്ചമർത്തൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർച്ചയായ സ്വേച്ഛാധിപത്യ നിലപാടുകൾ ജനാധിപത്യ സ്ഥാപനങ്ങളെ തന്നെ അപകടത്തിലാക്കുമെന്നും വലിയ അശാന്തിക്ക് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

