മുംബൈ: 450 അടി നീളമുള്ള അംബേദ്കർ പ്രതിമയുടെ തറക്കല്ലിടൽ ചടങ്ങ് മാറ്റിവെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അംബേദ്കറിൻെറ കുടുംബാംഗങ്ങളേയും പ്രതിപക്ഷ പാർട്ടി അംഗങ്ങളേയും ചടങ്ങിന് ക്ഷണിച്ചില്ലെന്ന് ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ചടങ്ങ് റദ്ദാക്കിയത്. ദാദറിലെ ഇന്ദു മിൽസിലായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്.
ഉദ്ധവിന് പുറമേ ഉപമുഖ്യമന്ത്രി അജിത് പവാർ, നഗരവികസന മന്ത്രി എക്നാഥ് ഷിൻഡെ, വിനോദസഞ്ചാര വകുപ്പ് മന്ത്രി ആദിത്യ താക്കറെ തുടങ്ങിയവരെ ചടങ്ങിന് ക്ഷണിച്ചിരുന്നു. അംബേദ്ക്കറിൻെറ പേരക്കുട്ടിയായ പ്രകാശിനെ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. മറ്റൊരു പേരക്കുട്ടിയായ ആനന്ദരാജിന് അവസാന നിമിഷമാണ് ക്ഷണം ലഭിച്ചത്.
മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, പ്രവീൺദരേകർ തുടങ്ങിയ ബി.ജെ.പി നേതാക്കളേയും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. പ്രതിമ നിർമാണത്തിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ആനന്ദ് രാജ് അംബേദ്കർ രംഗത്തെത്തുകയും ചെയ്തിരുന്നു.