അംബേദ്കർ ജയന്തി ആഘോഷിച്ച് രാജ്യം
text_fieldsഡോ. ബി.ആർ. അംബേദ്കറുടെ 135ാം ജന്മവാർഷിക ദിനത്തിൽ ബിഹാറിലെ ബോധ്ഗയയിൽ അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പമാലയണിയിക്കുന്ന ബുദ്ധ സന്യാസിമാർ
ന്യൂഡൽഹി: സമത്വം, നീതി, സാമൂഹിക പരിഷ്കരണം എന്നിവക്കായി പോരാടിയ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 135ാം ജന്മവാർഷികം വിപുലമായി ആഘോഷിച്ച് രാജ്യം.
ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു അംബേദ്കർ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. പാർലമെന്റ് സമുച്ചയത്തിലെ ബാബാസാഹെബ് അംബേദ്കറുടെ പ്രതിമയിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ലോക്സഭാ സ്പീക്കർ ഓം ബിർള, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.
രാഷ്ട്രനിർമാണത്തിന് അംബേദ്കർ നൽകിയ സംഭാവനകൾ അങ്ങേയറ്റം പ്രചോദനകരമാണെന്ന് പ്രധാനമന്ത്രി സ്മരിച്ചു. നീതിപൂർവകവും പുരോഗമനപരവുമായ സമൂഹം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറകളെ പ്രേരിപ്പിക്കുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അംബേദ്കർ ഇന്ത്യക്ക് ഭരണഘടനാപരമായ ആത്മാവ് നൽകിയ ദീർഘദർശിയാണെന്നും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവക്കായി പോരാടിയ വിപ്ലവകാരിയാണെന്നും മല്ലികാർജുൻ ഖാർഗെ അനുസ്മരിച്ചു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നീതിയിലും സമത്വത്തിലും അന്തസ്സിലും അധിഷ്ഠിതമായ ശക്തമായ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അംബേദ്കർ നമുക്ക് നൽകിയതെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
അംബേദ്കറുടെ പൈതൃകത്തെയും ഭരണഘടനയെയും ദുർബലപ്പെടുത്താൻ ചില ശക്തികൾ ബോധപൂർവം ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ ആശയങ്ങൾ സംരക്ഷിക്കാൻ തന്റെ അവസാന ശ്വാസം വരെ പോരാടുമെന്നും രാഹുൽ എക്സിൽ കുറിച്ചു.
ആധുനിക ഇന്ത്യയുടെ രൂപവത്കരണത്തിൽ അംബേദ്കർ വഹിച്ച നിർണായക പങ്കിനെ പ്രിയങ്ക ഗാന്ധി തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. ഡൽഹിയിലടക്കം വിവിധ നഗരങ്ങളിൽ വിവിധ ദലിത് സംഘടനകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

