ഇന്ത്യയിൽ 35 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന് ആമസോൺ; 2030ഓടെ 10 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും
text_fieldsന്യൂഡൽഹി: 2030ഓടെ ഇന്ത്യയിൽ 35 ബില്യൺ ഡോളറിലേറെ നിക്ഷേപിക്കാനൊരുങ്ങി ആമസോൺ. പലതരം ബിസിനസുകളിലേക്കായി ഇത്രയധികം തുക നിക്ഷേപിക്കാനുള്ള പദ്ധതിയെ കുറിച്ച് ആമസോൺ പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ആമസോൺ സംഭാവ് ഉച്ചകോടിയുടെ ആറാം പതിപ്പിലായിരുന്നു ഈ പ്രഖ്യാപനം.
കഴിഞ്ഞ 15 വർഷത്തിനിടെ ആമസോൺ ഏതാണ്ട് 40 ബില്യൺ ഡോളർ ആണ് ഇന്ത്യയിൽ നിക്ഷേപിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നവർ, ഇ-കൊമേഴ്സ് കയറ്റുമതിയുടെ ഏറ്റവും വലിയ ഉറവിടം, ഏറ്റവും വലിയ നിക്ഷേപകർ എന്ന നിലയിൽ ഇന്ത്യയിൽ മുൻനിരയിലാണ് ആമസോണിന്റെ സ്ഥാനം.
ഇന്ത്യയുടെ ഡിജിറ്റൽ, സമ്പദ് വ്യവസ്ഥകൾക്ക് അനുസരിച്ച് എ.ഐ അധിഷ്ഠിത ഡിജിറ്റൈസേഷൻ, കയറ്റുമതി വളർച്ച, തൊഴിലവസര സൃഷ്ടി എന്നീ മൂന്ന് മേഖലകളെ ചുറ്റിപ്പറ്റിയായിരിക്കും ഇനിയുള്ള നിക്ഷേപമെന്നും ആമസോൺ വ്യക്തമാക്കി.
ഇന്ത്യയിലുടനീളം ഭൗതികവും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുന്നതിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ആമസോൺ അറിയിച്ചു. ഡാറ്റാ സെന്ററുകൾ, ഡിജിറ്റൽ പേയ്‌മെന്റ് അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ എന്നിവയടക്കം ഉൾപ്പെടുന്നു.
കീസ്റ്റോൺ റിപ്പോർട്ട് അനുസരിച്ച് 2024മുതൽ ഇതുവരെ ആമസോൺ 12 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകൾ ഡിജിറ്റൈസ് ചെയ്തു.പാക്കേജിങ്, ലോജിസ്റ്റിക്സ്, നിർമാണം, സാങ്കേതിക സേവനങ്ങൾ എന്നീ രംഗങ്ങളിലടക്കം നിരവധി തൊഴിലവസരങ്ങളാണ് ആമസോണിലുള്ളത്. 2030 ആകുമ്പോഴേക്കും 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ 15 വർഷമായി ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തന യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ആമസോൺ എമർജിങ് മാർക്കറ്റ്സ് സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ പറഞ്ഞു.
ഇന്ത്യയിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനാധിപത്യവത്കരിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്. അതുവഴി ബിസിനസുകൾ, വിദ്യാർഥികൾ, മറ്റ് ഉപയോക്താക്കൾ എന്നിവർക്ക് എ.ഐ ഉപകരണങ്ങൾ ലഭ്യമാക്കും. 2030 ആകുമ്പോഴേക്കും 15 ദശലക്ഷം ചെറുകിട ബിസിനസുകളിലേക്ക് എ.ഐയുടെ നേട്ടങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. ആമസോണിലെ വിൽപ്പനക്കാർ ഇതിനകം തന്നെ സെല്ലർ അസിസ്റ്റന്റ്, നെക്സ്റ്റ് ജനറേഷൻ സെല്ലിങ് സൊല്യൂഷനുകൾ പോലുള്ള എ.ഐ പവർ ടൂളുകൾ ഉപയോഗിച്ചുവരികയാണ്.
കയറ്റുമതി രംഗത്ത് 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ നിന്നുള്ള ഇ-കൊമേഴ്‌സ് കയറ്റുമതി നാലിരട്ടിയായി വർധിപ്പിച്ച് 80 ബില്യൺ ഡോളറാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും ആമസോൺ പറഞ്ഞു. നിലവിൽ ഇത് 20 ബില്യൺ ഡോളറാണ്.
ഭാവിയിൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് എ.ഐ ലഭ്യമാക്കുക, 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഈ ദശകത്തിന്റെ അവസാനത്തോടെ ഇ-കൊമേഴ്‌സ് കയറ്റുമതി 80 ബില്യൺ ഡോളറായി ഉയർത്തുക എന്നിവയിലൂടെ ഇന്ത്യയുടെ സമ്പദ്‍വളർച്ചയിൽ പങ്കാളികളാകാൻ കഴിയുന്നതിൽ അഭിമാനിക്കുന്നുവെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

