വിമർശനങ്ങൾക്ക് മറുപടി; താൻ മുഴുവൻ സമയ പ്രസിഡെൻറന്ന് സോണിയ
text_fieldsന്യൂഡൽഹി: മുഴുസമയ പ്രസിഡൻറായി കോൺഗ്രസിന് മേൽനോട്ടം വഹിക്കുന്ന വിധം താൻ സജീവമായി രംഗത്തുണ്ടെന്ന് പ്രവർത്തക സമിതി യോഗത്തിൽ വ്യക്തമാക്കി സോണിയ ഗാന്ധി.പാർട്ടി നേരിടുന്ന അനാഥാവസ്ഥ ഉയർത്തിക്കാട്ടുന്ന ഗുലാംനബി ആസാദ്, കപിൽ സിബൽ എന്നിവർ മുൻനിരക്കാരായ ജി 23 സംഘത്തിനുള്ള സന്ദേശമാണ് സോണിയയുടെ ഈ പരാമർശം.
ഐക്യം, ആത്മനിയന്ത്രണം, അച്ചടക്കം, പാർട്ടി താൽപര്യം മുറുകെ പിടിക്കൽ എന്നിവ കൊണ്ടു മാത്രമേ കോൺഗ്രസിെൻറ പുനരുദ്ധാനം നടക്കൂ എന്ന് സോണിയ വ്യക്തമാക്കി.കാര്യങ്ങൾ തുറന്നു പറയുന്നതിൽ സന്തോഷമേയുള്ളൂ. മാധ്യമങ്ങൾ വഴി തന്നോട് സംസാരിക്കേണ്ട കാര്യമില്ല. പ്രവർത്തക സമിതിയിലും തുറന്ന, സത്യസന്ധമായ ചർച്ച നടക്കട്ടെ.യോഗം നടക്കുന്ന മുറിയുടെ നാലു ചുവരുകൾക്ക് പുറത്തേക്ക് പോകേണ്ടത് സമിതിയുടെ കൂട്ടായ തീരുമാനമാകണം. നിങ്ങളെല്ലാം അനുവദിച്ചാൽ പാർട്ടി പ്രസിഡൻറായി താൻ ഇവിടെത്തന്നെ ഉണ്ടാകും. രണ്ടു വർഷങ്ങൾക്കിടയിൽ നിരവധി യുവാക്കൾ നേതൃപരമായ പങ്ക് ഏറ്റെടുത്തിട്ടുണ്ട്.
അവർ പാർട്ടിയുെട നയപരിപാടികൾ ജനങ്ങളിലെത്തിക്കുന്നു. പൊതുപ്രാധാന്യമുള്ള വിഷയങ്ങളൊന്നും പാർട്ടി അവഗണിച്ചിട്ടില്ല. അത്തരം വിഷയങ്ങൾ മൻമോഹൻസിങ്, രാഹുൽ ഗാന്ധി എന്നിവരുമായും കൂടിയാലോചിക്കുന്നുണ്ട്. സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ പാർട്ടികളുമായി പതിവായി ആശയവിനിമയം നടക്കുന്നുണ്ട്. ദേശീയ പ്രധാനമായ വിഷയങ്ങളിൽ പ്രതിപക്ഷത്തിെൻറ സംയുക്ത പ്രസ്താവന വരുന്നുണ്ട്. പാർലമെൻറിൽ യോജിച്ചു പ്രവർത്തിക്കുന്നുണ്ട്.
യു.പി അടക്കം വരാനിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് തയാറെടുപ്പുകൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. പലവിധ വെല്ലുവിളികളും മുന്നിലുണ്ട്. മോദി സർക്കാർ നടത്തുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ആദായ വിൽപന, ലഖിംപുർ കർഷക കൊല, കർഷക സമരത്തോടുള്ള സർക്കാർ സമീപനം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചും സോണിയ സംസാരിച്ചു. പാർട്ടിക്ക് പ്രസിഡൻറില്ല, ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് അറിയില്ലെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ അടുത്തിടെ വാർത്തസമ്മേളനം നടത്തി പറഞ്ഞിരുന്നു.
കോൺഗ്രസിൽ അടിമുടി അഴിച്ചുപണിയും നേതൃമാറ്റവും ആവശ്യപ്പെട്ട് 23 നേതാക്കൾ ചേർന്ന് കഴിഞ്ഞ വർഷം സോണിയക്ക് കത്തയച്ചതിെൻറ തുടർച്ചയായി, ഉടൻ പ്രവർത്തക സമിതി വിളിക്കണമെന്നാവശ്യപ്പെട്ട് ഗുലാംനബി ആസാദ് സോണിയക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. പ്രസിഡൻറ് തെരഞ്ഞെടുപ്പിന് പരമാവധി സമയം നീട്ടിയെടുക്കുന്ന വിധമുള്ള സംഘടന തെരഞ്ഞെടുപ്പ് സമയക്രമമാണ് പ്രവർത്തക സമിതി തീരുമാനിച്ചത്. കോവിഡ് മഹാമാരി തുടങ്ങിയ ശേഷം അംഗങ്ങൾ എ.ഐ.സി.സി ആസ്ഥാനത്ത് നേരിട്ടെത്തി പങ്കെടുക്കുന്ന ആദ്യ പ്രവർത്തക സമിതി യോഗമാണ് നടന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.കെ. ആൻറണി മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഘേൽ, ചരൺജിത്സിങ് ചന്നി എന്നിവർ എത്തി. ജി 23 സംഘ നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

