Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂർവ്വ വിദ്യാർഥി സംഗമത്തിലൂടെ പ്രണയം, പിന്നീട് അടുപ്പത്തിൽ വിള്ളലെന്ന് സംശയം; ഒടുവിൽ വെട്ടിക്കൊലപ്പെടുത്തി

text_fields
bookmark_border
പൂർവ്വ വിദ്യാർഥി സംഗമത്തിലൂടെ പ്രണയം, പിന്നീട് അടുപ്പത്തിൽ വിള്ളലെന്ന് സംശയം; ഒടുവിൽ വെട്ടിക്കൊലപ്പെടുത്തി
cancel
camera_alt

സഞ്ജയ് ഗാന്ധി, രഞ്ജിത് കുമാർ, മാലിനി

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ ബന്ധുക്കളായ യുവതിയെയും യുവാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ മുൻ സഹപാഠി അറസ്റ്റിൽ. തിരുവണ്ണാമലൈ സ്വദേശിയും കൂലിപ്പണിക്കാരനുമായ സഞ്ജയ് ഗാന്ധിയാണ് അറസ്റ്റിലായത്. മാലിനി, ഇവരുടെ ബന്ധുവായ രഞ്ജിത് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ വർഷം നടന്ന സ്കൂൾ പൂർവ്വ വിദ്യാർഥി സംഗമത്തിൽ വെച്ചാണ് തിരുവണ്ണാമലൈ ജില്ലയിലെ ഒരേ സ്കൂളിൽ പഠിച്ചിരുന്ന സഞ്ജയ് ഗാന്ധിയും മാലിനിയും വീണ്ടും കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലായതായി പൊലീസ് സംശയിക്കുന്നു. എന്നാൽ അടുത്ത കാലത്തായി മാലിനി സഞ്ജയ് ഗാന്ധിയെ ഒഴിവാക്കാൻ തുടങ്ങിയിരുന്നു. മാലിനി മറ്റൊരാളുമായി അടുപ്പത്തിലായെന്ന സംശയത്തെത്തുടർന്നുണ്ടായ പകയാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം ഒരു ഹൗസിങ് പ്ലോട്ട് സൈറ്റിൽ ടാക്സി കാറിൽ വന്നിറങ്ങിയ ഉടനെ മാലിനിയെയും രഞ്ജിത് കുമാറിനെയും പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ‘പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമികമായി കരുതുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്,’ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അറസ്റ്റിലായ സഞ്ജയ് ഗാന്ധിയെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവങ്ങളുടെ കൃത്യമായ ക്രമവും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ഇരട്ടക്കൊലപാതകം തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള രൂക്ഷമായ രാഷ്ട്രീയ വാക്പോരിനും ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി വിജയ് ഏറ്റെടുക്കണമെന്ന് മുൻ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു. തിരുപ്പത്തൂരിലെ ഇരട്ടക്കൊലപാതകവും തലേദിവസം രാത്രി പല്ലാവരത്ത് മറ്റൊരു യുവാവ് കൊല്ലപ്പെട്ട സംഭവവും ചൂണ്ടിക്കാട്ടി ‘എക്സിലൂ’ടെയായിരുന്നു ഉദയനിധിയുടെ വിമർശനം.

അധികാരത്തിലേറിയതു മുതൽ ക്രമസമാധാനം പാലിക്കുന്നതിൽ ടിവികെ സർക്കാർ പരാജയപ്പെട്ടുവെന്നും, മറ്റുള്ളവരെ കുറ്റപ്പെടുത്താനും സോഷ്യൽ മീഡിയ റീലുകളിലൂടെ പ്രതിച്ഛായ നിർമ്മിക്കാനുമാണ് സർക്കാരിന് താൽപര്യമെന്നും അദ്ദേഹം ആരോപിച്ചു. ‘പഴിചാരലുകളും റീൽ നാടകങ്ങളും അവസാനിപ്പിച്ച് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ഈ ‘ഡമ്മി മുഖ്യമന്ത്രി’ ഇനിയെങ്കിലും മുന്നോട്ടുവരണം’- ഉദയനിധി സ്റ്റാലിൻ കുറിച്ചു.

സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്നും അക്രമസംഭവങ്ങൾ വർധിച്ചുവെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ വിജയ് സർക്കാരിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നുണ്ട്. നേരത്തെ ദീപാവലി ആഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് 13 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിലും പ്രതിപക്ഷം ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാൽ, കുറ്റകൃത്യങ്ങളുടെ കണക്കുകൾ നിരത്തി ക്രമസമാധാന നില തകർന്നുവെന്ന ആരോപണം തമിഴ്‌നാട് ഡിജിപി തള്ളിക്കളഞ്ഞു. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണം മുൻ ഡിഎംകെ സർക്കാർ മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ പരാജയപ്പെട്ടതാണെന്നാണ് ഭരണകക്ഷിയായ ടി.വി.കെയുടെ വാദം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alumni meet love ends in double murder
Next Story