പാർട്ടി അധ്യക്ഷന്റെ മണ്ഡലം നഷ്ടമായി; ബി.ജെ.പിക്കേറ്റ പ്രഹരത്തിൽ ബിഹാറിന്റെ ബദൽ സ്വപ്നം
text_fieldsബാങ്കിപൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ജൻ സുരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ വിജയ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
ന്യൂഡൽഹി: ‘പട്ടിക്കും പൂച്ചക്കും ടിക്കറ്റ് നൽകിയാൽ പോലും മൂന്ന് പതിറ്റാണ്ടായി ബി.ജെ.പിക്കാരല്ലാത്തവരാരും ജയിച്ചിട്ടില്ലാത്ത ബങ്കിപൂർ തങ്ങളുടേതായിരിക്കുമെന്ന ബി.ജെ.പിയുടെ അഹങ്കാരത്തിനും ആത്മ വിശ്വാസത്തിനുമേറ്റ കനത്ത അടിയായി, ബിഹാർ ഉപതെരഞ്ഞെടുപ്പിലെ പ്രശാന്ത് കിഷോറിന്റെ അട്ടിമറി ജയം. ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷൻ നിതിൻ നബിൻ എം.എൽ.എ സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് വന്നതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിൽ അദ്ദേഹം തന്നെ നിർത്തിയ സ്ഥാനാർഥി തോറ്റുവെന്നത് മാത്രമല്ല തോൽവിയുടെ കാഠിന്യേമറ്റുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് ജയിച്ച ശേഷം നിതീഷ് കുമാറിനുപകരം ബി.ജെ.പി മുഖ്യമന്ത്രിയെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ച ശേഷം ബിഹാറിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത് എന്നത് കൂടിയാണ് പാർട്ടിയെ ഞെട്ടിക്കുന്നത്.
നിതീഷിനെ പടിയിറക്കിയ ബി.ജെ.പിക്കേറ്റ തോൽവി
നിതീഷ് കുമാറിനെ മുന്നിൽ നിർത്തി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് മാസങ്ങൾക്കുള്ളിൽ അദ്ദേഹത്തെ നീക്കിയ ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിതെന്ന് ഓർക്കണമെന്നും എൻ.ഡി.എ സഖ്യകക്ഷിയായ ജനതാദൾ-യുവിന്റെ തലമുതിർന്ന എം.പി ‘മാധ്യമ’ത്തോട് പറഞ്ഞു. നിതീഷിന്റെ ശൂന്യത നികത്താൻ ബി.ജെ.പിക്കാവില്ലെന്ന് അദ്ദേഹം സൂചന നൽകി. പാർട്ടി നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയുള്ളതിനാൽ ബി.ജെ.പിക്കുള്ളിലുള്ളവർ കരുതിക്കൂട്ടി തോൽപിച്ചതാകാമെന്ന ‘ഗൂഢാലോചനാ സിദ്ധാന്തം’ ജെ.ഡി-യു നേതാവ് തള്ളി. മൂന്ന് പതിറ്റാണ്ട് കൈവശമുള്ള കോട്ടയായിട്ടും ജയിക്കാനായി ബി.ജെ.പി അങ്ങേയറ്റം അത്യധ്വാനം ചെയ്ത തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും ഫലം പക്ഷേ ഞെട്ടിക്കുന്നതായെന്നും അദ്ദേഹം പറഞ്ഞു.
ജെൻ സി രോഷം കത്തിപ്പടർന്ന പട്ന
‘ജെൻ സി’യുടെ ജന്തർ മന്തർ പ്രക്ഷോഭം വിവിധ സംസ്ഥാനങ്ങളിലേക്ക് കത്തിപ്പടർന്നപ്പോൾ ആ സമരച്ചൂട് ഡൽഹിക്കുപുറത്ത് ഏറ്റവും കൂടുതൽ അനുഭവിച്ച സംസ്ഥാന തലസ്ഥാനമാണ് പട്ന. ഇവിടെ സമരത്തെ ക്രൂരമായി അടിച്ചമർത്താൻ ശ്രമം നടക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ്, അത്തരമൊരു രോഷത്തിനിടയിൽ പട്ന യൂനിവേഴ്സിറ്റിയും ഐ.ഐ.ടിയുമെല്ലാം അടങ്ങുന്ന, ബിഹാറിന്റെ വിദ്യാഭ്യാസ ഹബ് എന്ന് പറയാവുന്ന ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്റെ കോട്ടയിൽ ഉപതെരഞ്ഞെടുപ്പ് വരുന്നത്.
ബങ്കിപൂരിലെ വോട്ടർമാരിൽ ഒന്നര ലക്ഷത്തോളം യുവ വോട്ടർമാരുമായിരുന്നു. പാർട്ടിയുടെ സ്ഥിരം വോട്ടുബാങ്കായ ഉപരി മധ്യവർഗവും ഉന്നത ജാതിക്കാരും വിധി നിർണയിക്കുന്ന മണ്ഡലമായതിനാൽ തങ്ങളല്ലാതെ മറ്റാരും ജയിക്കില്ലെന്നായിരുന്നു ബി.ജെ.പിയുടെ ആത്മവിശ്വാസം. ഈ അഹങ്കാരത്തിലാണ്, ഏത് പട്ടിക്കും പൂച്ചക്കും ടിക്കറ്റ് നൽകിയാലും ജയം തങ്ങൾക്കായിരിക്കുമെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ രവിശങ്കർ പ്രസാദ് പ്രചാരണ വേളയിൽ പറഞ്ഞത്. പ്രശാന്ത് കിഷോർ ഇത് പ്രചാരണായുധമാക്കുകയും ചെയ്തു.
പ്രശാന്ത് കിഷോർ കവർന്നത് ബിഹാറിന്റെ ഹൃദയം
ബിഹാറിന്റെ ഹൃദയ ഭൂമിയായ പട്ന നഗത്തിലെ ബങ്കിപൂരിൽ റോഡും അഴുക്കുചാലും പറഞ്ഞല്ല, സംസ്ഥാനത്തെ വിദ്യാഭ്യാസവും തൊഴിലില്ലായ്മയും പുറംനാടുകളിലേക്കുള്ള കുടിയേറ്റവും പറഞ്ഞാണ് പ്രശാന്ത് കിഷോർ വോട്ടുപിടിച്ചത്. ബി.ജെ.പിക്ക് ബിഹാറിന്റെ സന്ദേശം നൽകൂ എന്ന് പറഞ്ഞായിരുന്നു വോട്ടുപിടിത്തം. രാഷ്ട്രീയ ബദലായി പ്രശാന്ത് കിഷോറിനെ ജനം സ്വീകരിച്ചുവെന്നത് ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെയും മുഖ്യ പ്രതിപക്ഷമായ ആർ.ജെ.ഡിയുടെയും രാഷ്ട്രീയ ഭാവി തുലാസിലാക്കുന്നതാണ്.
ബിഹാറിലെ നേതൃത്വം ആരുടെ കൈകളിൽ വരണമെന്ന സന്ദേശമാണ് ഫലം നൽകുന്നതെന്ന് പ്രശാന്ത് കിഷോർ ഫലത്തിന് ശേഷവും പ്രതികരിച്ചു. 30 വർഷം കൊണ്ടുണ്ടാക്കിയ കോട്ടയാണ് കേവലം 30 ദിവസം കൊണ്ട് തകർന്നുവീണിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിയെ മാറ്റുന്നതിനുള്ള തെരഞ്ഞെടുപ്പാണിതെന്ന് താൻ നേരത്തെ പറഞ്ഞതാണ്. പ്രധാനമന്ത്രി ഗുജറാത്തിനെ കുറിച്ച് ചിന്തിക്കുന്നയത്ര ബിഹാറിനെ കുറിച്ച് ചിന്തിക്കണമെന്നും കിഷോർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

