‘ടി.വി.കെ സർക്കാറിനെ പിന്തുണക്കാൻ സഖ്യകക്ഷികളെ അനുവദിച്ചത് രാഷ്‌ട്രപതി ഭരണം തടയാൻ’ -എം.കെ സ്റ്റാലിൻ
text_fieldsഎം.കെ. സ്റ്റാലിൻ
ചെന്നൈ: ടി.വി.കെ സർക്കാറിന് പിന്തുണ നൽകാൻ ഡി.എം.കെയുടെ സഖ്യകക്ഷികളായിരുന്നവർക്ക് അനുമതി നൽകിയത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുന്നത് തടയാൻ ആയിരുന്നുവെന്ന് എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം വരുന്നതുമൂലം ബി.ജെ.പി സംസ്ഥാന ഭരണത്തിലേക്ക് കടന്നുവരുമെന്നും അത് എന്ത് വില കൊടുത്തും ഒഴിവാക്കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണ്ണാ ഡി.എം.കെയിൽനിന്നും രാജിവെച്ച് ഡി.എം.കെയിൽ ചേർന്ന പ്രവർത്തകർക്ക് സ്വാഗതമേകാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.എം.കെ സഖ്യത്തിന്റെ പിന്തുണയോടെയാണ് സംസ്ഥാനത്ത് നിലവിലെ സർക്കാർ മുന്നോട്ടുപോകുന്നതെന്നും ഈ താൽക്കാലിക സർക്കാറിന് അറുതിവരുത്താൻ അണികൾ പ്രതിജ്ഞയെടുക്കണമെന്നും സ്റ്റാലിൻ ആഹ്വാനം ചെയ്തു.
ടി.വി.കെ സർക്കാറിനെ പിന്തുണയ്ക്കുന്ന കാര്യം സഖ്യകക്ഷികൾ തന്നെ അറിയിച്ചപ്പോൾ താൻ അതിനെ എതിർത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "അത് നിങ്ങളുടെ ജനാധിപത്യപരമായ അവകാശമാണ്, ഞാൻ നിങ്ങളെ തടയില്ല എന്നാണ് ഞാൻ അവരോട് പറഞ്ഞത്. തമിഴ്‌നാട്ടിൽ രാഷ്‌ട്രപതി ഭരണം വരാതിരിക്കാൻ വേണ്ടിയാണ് ഞാൻ അവർക്ക് യാത്രാമംഗളങ്ങൾ നേർന്നത്," സ്റ്റാലിൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയങ്ങളിലും പരാജയങ്ങളിലും പാർട്ടിക്ക് പതർച്ചയില്ലെന്ന് സ്റ്റാലിൻ ഓർമിപ്പിച്ചു. വിജയം കാണുമ്പോൾ തലക്കനം കാണിക്കാറില്ലാത്തതുപോലെ പരാജയത്തിൽ ഡി.എം.കെ തളരുകയുമില്ല. ഭരണം നഷ്ടപ്പെട്ടെങ്കിലും ശക്തമായ പ്രതിപക്ഷമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത് തുടരുമെന്നും, സഖ്യകക്ഷികളുടെ പിന്തുണയോടെ മാത്രം നിലനിൽക്കുന്ന ഈ സർക്കാരിനെ താഴെയിറക്കാൻ ഒന്നിച്ച് പോരാടണമെന്നും സ്റ്റാലിൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു.
തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ സി. ജോസഫ് വിജയ് നയിക്കുന്ന ടി.വി.കെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, 234 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 10 സീറ്റുകൾ കുറവായിരുന്നു. തുടർന്ന് ഡി.എം.കെ സഖ്യത്തിലുണ്ടായിരുന്ന സി.പി.ഐ, സി.പി.എം, വി.സി.കെ, ഐ.യു.എം.എൽ എന്നീ കക്ഷികൾ ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് ഡി.എം.കെ സഖ്യം ഉപേക്ഷിച്ചാണ് വിജയ്‌ക്ക് പിന്തുണ നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

