രാഷ്ട്രത്തിനാണ് പ്രഥമ പരിഗണനയെന്ന് മോദി; 'അധികാരത്തിനായി ഒത്തുകൂടിയ സംഘമല്ല ഞങ്ങൾ'
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എൻ.ഡി.എ കക്ഷിനേതാവായി തെരഞ്ഞെടുത്തു. വെള്ളിയാഴ്ച നടന്ന എൻ.ഡി.എ യോഗത്തിലാണ് മോദിയെ നേതാവായി തെരഞ്ഞെടുത്തത്. ബി.ജെ.പി നേതാവും എം.പിയുമായ രാജ്നാഥ് സിങ്ങാണ് മോദിയുടെ പേര് നിർദേശിച്ചത്. ഗഡ്കരിയും അമിത് ഷായും രാജ്നാഥ് സിങ്ങിന്റെ നിർദേശത്തെ പിന്താങ്ങി.
അധികാരത്തിനായി ഒന്നിച്ചു കൂടിയ സംഘമല്ല എൻ.ഡി.എയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രത്തിനാണ് ഒന്നാമത്തെ പരിഗണന.ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സഖ്യമാണ് എൻ.ഡി.എ. ഐക്യത്തോടെ എല്ലാ തീരുമാനങ്ങളും എടുക്കുകയെന്നതാണ് എൻ.ഡി.എയുടെ ലക്ഷ്യം. നല്ല ഭരണവും വികസനവും എൻ.ഡി.എയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണെന്നും മോദി കൂട്ടിച്ചേർത്തു.
22 സംസ്ഥാനങ്ങൾ ഭരിക്കാൻ എൻ.ഡി.എക്ക് അവസരം ലഭിച്ചിട്ടുണ്ട്. ആദിവാസി വിഭാഗങ്ങൾക്കും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കും സ്വാധീനമുള്ള സംസ്ഥാനങ്ങളും ഭരിക്കാൻ മുന്നണിക്ക് അവസരമുണ്ടായി. 2024ൽ ബി.ജെ.പിക്ക് ലഭിച്ച സീറ്റുകൾ പോലും മൂന്ന് തെരഞ്ഞെടുപ്പുകൾ കൊണ്ട് കോൺഗ്രസിന് ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന് മോദി പരിഹസിച്ചു. കേരളത്തിൽ ആദ്യമായി ജയിച്ച ബി.ജെ.പി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കരുത്തുകാട്ടി. കർണാടകയിലും തെലങ്കാനയിലും പാർട്ടിക്ക് തിരിച്ചുവരാൻ സാധിച്ചുവെന്നും മോദി പറഞ്ഞു.
ഇന്ന് നടന്ന യോഗത്തിൽ ജെ.ഡി.യു നേതാവ് നിതീഷ് കുമാർ, ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡു, ജെ.ഡി.എസിന്റെ എച്ച്.ഡി കുമാരസ്വാമി, ജനസേന പാർട്ടി സ്ഥാപകൻ പവൻ കല്യാൺ, എൻ.സി.പി അധ്യക്ഷൻ അജിത് പവാർ, ലോക് ജനശക്തി പാർട്ടിയുടെ ചിരാഗ് പാസ്വാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

