ഹോട്ടലിൽ കയറി മന്ത്രിയുടെയും സംഘത്തിന്റെയും ‘ഷോ ഓഫ്’, വിവാദമായതോടെ പരിശോധന നടത്താൻ കയറിയതാണെന്ന് വാദം
text_fieldsഗ്വാളിയർ: മധ്യപ്രദേശിലെ ഗ്വാളിയറിൽ ബി.ജെ.പി മന്ത്രിയും പരിവാരങ്ങളും ഹോട്ടലിൽ ബഹളം വെച്ചതായി പരാതി. മധ്യപ്രദേശ് ആരോഗ്യ-വൈദ്യ വിദ്യാഭ്യാസ മന്ത്രി നരേന്ദ്ര ശിവാജി പട്ടേലിനെതിരെയാണ് റെസ്റ്റാറന്റ് ഉടമ സഞ്ജയ് അറോറ പരാതിയുമായി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ, ഹോട്ടലിൽ കയറിയത് ഗുണനിലവാര പരിശോധനക്കാണെന്ന് പറഞ്ഞ് തടിയൂരുകയാണ് മന്ത്രി.
ഹോട്ടലിലെത്തിയപ്പോൾ മുകൾ നിലയിൽ റിസർവ് ചെയ്ത മേശ ലഭിക്കാത്തതിനെ തുടർന്നാണ് മന്ത്രിയും കൂട്ടരും അസ്വസ്ഥരായത്. തുടർന്ന് ഇവർ ജീവനക്കാരെ മർദ്ദിക്കുകയും ഒരു മണിക്കൂറോളം ഹോട്ടലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും ഹോട്ടലുടമ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ‘താൻ ഒരു മന്ത്രിയാണെന്നും നിങ്ങളെ പാഠം പഠിപ്പിക്കുമെന്നും അയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് ക്ഷമാപണം നടത്തി’യതായി റെസ്റ്റാറന്റ് ഉടമ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തന്നെ മുഖത്തടിച്ചതായും റസ്റ്റാറന്റ് അടുക്കള പരിശോധിക്കാൻ വീണ്ടും വരുമെന്ന് പറഞ്ഞാണ് പോയതെന്നും മറ്റൊരു റസ്റ്റാറൻറ് ജീവനക്കാരൻ പറഞ്ഞു. എന്നാൽ, സംഭവം വലിയ ചർച്ചയായതോടെ ആരോപണങ്ങൾ നിഷേധിച്ച മന്ത്രി ഭക്ഷ്യ പരിശോധനയുടെ ഭാഗമായാണ് റെസ്റ്റോറന്റിൽ എത്തിയതെന്ന് പറഞ്ഞു.
‘ഇതൊരു പതിവ് പരിശോധനയായിരുന്നു. റസ്റ്റാറന്റിൽ ഉപയോഗിച്ച പാചക എണ്ണ സാമ്പിൾ എന്റെ മുന്നിൽ പരാജയപ്പെട്ടു. അതിന്റെ റെക്കോഡിങ് തന്റെ കൈയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. നിയമനടപടി ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് തനിക്കെതിരായ ആരോപണങ്ങൾ എന്നു പറഞ്ഞ പട്ടേൽ മറ്റു ഭക്ഷണ സാമ്പിളുകളും ശേഖരിച്ചതായും സിസ്റ്റം മെച്ചപ്പെടുത്താൻ തങ്ങൾ ശ്രമിക്കുകയാണെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

