‘ഓരോ രൂപയും പരിശോധനക്ക് വിധേയം, ഏതന്വേഷണവും നേരിടാൻ തയാർ’; 241 കോടി സമ്പാദിച്ചെന്ന ആരോപണത്തിൽ വരുമാന സ്രോതസ്സുകൾ വെളിപ്പെടുത്തി പ്രശാന്ത് കിഷോർ
text_fieldsപട്‌ന: ജൻ സുരാജ് പാർട്ടിയുടെ ഫണ്ടിങ്ങിനെക്കുറിച്ച് ബി.ജെ.പി നേതാവ് ആരോപണമുന്നയിച്ചതിനു പിന്നാലെ അതിന്റെ സ്ഥാപകനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ തന്റെ വരുമാന സ്രോതസ്സുകൾ വെളിപ്പെടുത്തി രംഗത്തുവന്നു. നേരത്തെ ബി.ജെ.പി എം.പി ഡോ. സഞ്ജയ് ജയ്‌സ്വാൾ ജൻ സൂരജ് പാർട്ടിയുടെ ഫണ്ടിങ് സംബന്ധിച്ച വിശദാംശങ്ങൾ തേടിയിരുന്നു. എന്നാൽ, ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കും ഗ്രാമമരാമത്ത് മന്ത്രി അശോക് ചൗധരിക്കും എതിരെ പ്രശാന്ത് കിഷോർ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ താൻ 241 കോടി രൂപ കൺസൾട്ടൻസി ഫീസായി സമ്പാദിച്ചതായി അദ്ദേഹം പറഞ്ഞു. ‘സുതാര്യവും വെടിപ്പുള്ളതുമാണ് ജൻ സൂരജ് പാർട്ടിയുടെ ഫണ്ടിങ്. ഞാൻ ഒരു കൺസൾട്ടന്റായി ജോലി ചെയ്യുകയും എന്റെ ജോലിക്ക് ഫീസ് ഈടാക്കുകയും ചെയ്തു. അങ്ങനെ മൂന്ന് വർഷത്തിനുള്ളിൽ 241 കോടി രൂപ സമ്പാദിച്ചു. ജി.എസ്.ടി ആയി 31 കോടി രൂപയും ആദായനികുതിയായി 20 കോടി രൂപയും നൽകി. ജൻ സുരാജ് പാർട്ടിക്ക് 98.5 കോടി രൂപ ചെക്ക് വഴി സംഭാവന ചെയ്തു’വെന്നും കിഷോർ മാധ്യമങ്ങളോട് പറഞ്ഞു. ഇ.ഡി വഴിയോ മറ്റേതെങ്കിലും ഏജൻസി വഴിയോ തന്റെ വരുമാനം അന്വേഷിക്കാൻ കേന്ദ്ര സർക്കാറിനെ അദ്ദേഹം വെല്ലുവിളിച്ചു. അന്വേഷണം നേരിടാൻ തയ്യാറാണെന്നും പറഞ്ഞു.
‘പാർട്ടിക്ക് മറ്റുള്ളവരിൽ നിന്നും സംഭാവനകൾ ലഭിച്ചിട്ടുണ്ട്. എന്റെ വരുമാന സ്രോതസ്സുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ജൻ സുരാജ് പാർട്ടിയുടെ പക്കലും ഒരു തെറ്റുമില്ല. കളങ്കിതമായ ഭൂതകാലമുള്ള രാഷ്ട്രീയക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യക്തമായ കാഴ്ചപ്പാടോടെയാണ് താൻ ബിഹാറിലെത്തിയത്. ബിഹാറിലേക്ക് വന്നത് പണമുണ്ടാക്കാനല്ല. സമ്പാദിച്ച ഓരോ രൂപയും സർക്കാറിന്റെ പരിശോധനക്ക് വിധേയമാണ്. നിലവിലെ വ്യവസ്ഥ മാറുന്നതുവരെ അടുത്ത 10 വർഷത്തേക്ക് ഞാൻ ബിഹാറിൽ തന്നെ തുടരുമെന്നും’ അദ്ദേഹം പറഞ്ഞു.
ഒരു ഉൽപ്പന്ന ലോഞ്ചിനായി തന്റെ കൺസൾട്ടൻസി ആവശ്യപ്പെട്ട ഒരു കമ്പനിയിൽ നിന്ന് 11 കോടി രൂപ വാങ്ങിയതായി കിഷോർ സമ്മതിച്ചു. ‘എന്റെ ബുദ്ധി കൊണ്ട് ഞാൻ സമ്പാദിക്കുന്നതെന്തും സംസ്ഥാനത്തിന്റെ വികസനത്തിനായി ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബിഹാറിനെ പരിഷ്കരിക്കാൻ മാത്രമാണ് സജീവ രാഷ്ട്രീയത്തിൽ ചേർന്നത്. അതിനാൽ സംസ്ഥാനം വിടുമെന്ന് ആരും കരുതരുത്. ബിഹാറിലെ ജനങ്ങളോടുള്ള എന്റെ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നുവെന്നും അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ പക്ഷം ചേരുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ജെ.ഡി.യു മന്ത്രി അശോക് ചൗധരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് കിഷോർ പറഞ്ഞു. വക്കീൽ നോട്ടീസ് പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ ചൗധരിയുടെ 500 കോടി രൂപയുടെ ബിനാമി സ്വത്തിന്റെ വിശദാംശങ്ങൾ അടുത്തതായി വെളിപ്പെടുത്തുമെന്ന് കിഷോർ പറഞ്ഞു. 100 കോടി രൂപയുടെ വക്കീൽ നോട്ടീസ് പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ ഞാൻ അദ്ദേഹത്തിന് ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. അതിൽ പരാജയപ്പെട്ടാൽ, 500 കോടി രൂപയുടെ ബിനാമി സ്വത്ത് വെളിപ്പെടുത്തും- കിഷോർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

