ബിഹാറിലെ എസ്.ഐ.ആർ: മുസ്‌ലിംകളെ ഒഴിവാക്കിയെന്ന ആരോപണം വർഗീയം -തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: ബിഹാറിൽ നടത്തിയ വോട്ടർ പട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) കൃത്യമാണെന്നും അന്തിമ പട്ടികയിൽ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയെന്ന ആരോപണങ്ങൾ വർഗീയമാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ. സുപ്രീംകോടതിയിൽ ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമീഷൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബിഹാറിലെ അന്തിമ വോട്ടർ പട്ടികയിൽനിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി എൻ.ജി.ഒ ആയ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സ് (എ.ഡി.ആർ), ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ് എന്നിവരാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. മുസ്‌ലിം വോട്ടർമാർ ക്രമാതീതമായി ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും കരട് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടർമാരിൽ 25% പേരെയും, ഒടുവിൽ നീക്കം ചെയ്യപ്പെട്ട 3.66 ലക്ഷം വോട്ടർമാരിൽ 34% പേരെയും ഇത്തരത്തിൽ നീക്കിയതാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു.
ചില സോഫ്റ്റ്‌വെയറുകൾ അടിസ്ഥാനമാക്കിയാണ് ഇതെന്നും ഈ ആരോപണങ്ങളുടെ ആധികാരികതയെക്കുറിച്ചും കൃത്യതയെക്കുറിച്ചും അഭിപ്രായം പറയാൻ കഴിയില്ലെന്നും ഈ വർഗീയ സമീപനം തള്ളിക്കള്ളയണമെന്നും കമീഷൻ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. ഇലക്ടറൽ റോൾ ഡാറ്റാബേസ് ഒരു വോട്ടറുടെയും മതത്തെക്കുറിച്ചുള്ള ഒരു വിവരവും ശേഖരിക്കുന്നില്ലെന്നും കമീഷൻ അവകാശപ്പെട്ടു.
എസ്.ഐ.ആറിൽ കമീഷനെ സംശയമില്ല -സുപ്രീംകോടതി
ന്യൂഡൽഹി: ബിഹാറിൽ എസ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കൽ സുപ്രീം കോടതി നവംബർ നാലിലേക്ക് മാറ്റി. വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം നടപ്പാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ അതിന്‍റെ ഉത്തരവാദിത്തം നിറവേറ്റുമെന്ന കാര്യത്തിൽ തങ്ങൾക്ക് സംശയമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി തീരുമാനം. ഇതോടെ 68.66 ലക്ഷം പേരെ വെട്ടിമാറ്റിയ വോട്ടർപട്ടികയുമായാകും ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പെന്ന് ഉറപ്പായി. രണ്ട് ഘട്ടങ്ങളിലായി നവംബർ ആറിനും നവംബർ 11നുമാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്.
അന്തിമ പട്ടികയിൽ ചേർത്തവരുടെയും ഒഴിവാക്കിയവരുടെയും പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകണമെന്ന് എ.ഡി.ആറിനുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ, ജസ്റ്റിസുമാരായ സൂര്യകാന്തും ജോയ്‌മല്യ ബഗ്‌ചിയും അടങ്ങിയ ബെഞ്ചിനോട് ആവർത്തിച്ച് അഭ്യർഥിച്ചു. പട്ടിക പ്രസിദ്ധപ്പെടുത്താനുള്ള നടപടികൾ എടുത്തുവരുകയാണെന്ന കമീഷന്‍റെ മറുപടി ചൂണ്ടിക്കാട്ടി അതിനായി കാത്തിരിക്കാമെന്ന് കോടതി മറുപടി നൽകി. കമീഷൻ ഉത്തരവാദിത്തം നിറവേറ്റുമെന്ന കാര്യത്തിൽ തങ്ങൾക്ക് സംശയമില്ലെന്നും ചേർത്തവരുടെയും ഒഴിവാക്കിയവരുടെയും പേരുകൾ അവർ പ്രസിദ്ധപ്പെടുത്തുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടികൾ എടുത്തുവരുകയാണെന്നിരിക്കെ, അതിനായി നിർദേശം നൽകണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി ഹാജരായ അഡ്വ. രാജേഷ് ദ്വിവേദി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

