ബംഗാളിൽ ബുൾഡോസർ രാജ്: അഭിഷേക് ബാനർജിയുടെ ഓഫിസ് പൊളിച്ചുനീക്കി; ആഹ്ലാദപ്രകടനവുമായി ബി.ജെ.പി
text_fieldsഡയമണ്ട് ഹാർബർ: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഓഫിസ് കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി ബി.ജെ.പി ഭരണകൂടം. സൗത്ത് 24 പർഗാനാസ് ജില്ലയിലെ അംതലയിലുള്ള അഞ്ചുനില കെട്ടിടമാണ് നിർമാണ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. അംഗീകൃത പ്ലാൻ ഇല്ലാതെയും ചട്ടങ്ങൾ ലംഘിച്ചുമാണ് കെട്ടിടം നിർമിച്ചതെന്നും അനധികൃത നിർമാണത്തിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് ജില്ല ഭരണകൂടത്തിന്റെ വാദം.
അഭിഷേക് ബാനർജിയുടെ ഉടമസ്ഥതയിലുള്ള 'ലീപ്സ് ആൻഡ് ബൗണ്ട്സ്' എന്ന കമ്പനിയുടെ പേരിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും നിർമാണവുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ട് ഭരണകൂടം രണ്ട് തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും മറുപടിയില്ലാത്തതിനാലാണ് പൊളിക്കൽ നടപടികളിലേക്ക് കടന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സംഘർഷസാധ്യത കണക്കിലെടുത്ത് ബംഗാൾ പൊലീസിനെയും കേന്ദ്ര സായുധ സേനയെയും വിന്യസിച്ചാണ് പൊളിക്കൽ നടപടി പൂർത്തീകരിച്ചത്. പിന്നാലെ ബി.ജെ.പി പ്രവർത്തകർ വൻതോതിൽ പ്രദേശത്ത് ആഹ്ലാദപ്രകടനവും നടത്തി. നിയമവിരുദ്ധമായി നിർമിച്ച കെട്ടിടത്തിനെതിരെയാണ് ഭരണകൂടം ഒടുവിൽ നടപടിയെടുത്തതെന്ന് ബി.ജെ.പി എം.എൽ.എ അഗ്നിശ്വർ നസ്കർ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

