സംഭാവനക്കൊള്ള ആരോപണം; ബദരിനാഥ് ക്ഷേത്രത്തിലെ മുഴുവൻ സി.സി.ടി.വി കാമറകളും മാറ്റിസ്ഥാപിച്ചതിൽ ദുരൂഹത
text_fieldsബദരിനാഥ് ക്ഷേത്രം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലും സംഭാവനകൾ കൈകാര്യം ചെയ്തതിൽ ക്രമക്കേട് നടന്നതായുള്ള ആരോപണങ്ങൾക്ക് പിന്നാലെ, ക്ഷേത്രത്തിലെ മുഴുവൻ സി.സി.ടി.വി കാമറകളും മാറ്റിയത് വിവാദമാകുന്നു. ജൂലൈ ഒന്നിനാണ് ക്ഷേത്ര പരിസരത്തെ 32 കാമറകളും മാറ്റിവെച്ചത്. കാമറകൾ മാറ്റിവെച്ചതിനു തൊട്ടുപിന്നാലെയാണ് സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ ബദരിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയിലെ (ബി.കെ.ടി.സി) ജീവനക്കാരൻ നിലവിൽ നിരീക്ഷണത്തിലാണ്. അയോധ്യ രാമക്ഷേത്ര സംഭാവനക ക്രമക്കേട് പുകയുന്നതിനിടെയാണ് ബദരിനാഥ് ക്ഷേത്രത്തിലും ദുരൂഹത നിറയുന്നത്.
അതേസമയം, കാമറകൾ മാറ്റിയത് സ്വാഭാവിക നടപടി മാത്രമാണെന്ന ന്യായീകരണവുമായി ബി.കെ.ടി.സി സി.ഇ.ഒ സോഹൻ സിങ് രംഗാഡ് രംഗത്തെത്തി. അത്യാധുനിക നിരീക്ഷണ കാമറകൾ ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ചതിനെ തുടർന്നാണ് പുതിയവ സ്ഥാപിച്ചതെന്നും കാമറകൾ മാറ്റിയെങ്കിലും പഴയ ദൃശ്യങ്ങളെല്ലാം ഡി.വി.ആർ സിസ്റ്റത്തിൽ സുരക്ഷിതമാണെന്നും കാണിക്ക വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് ഇവ കൈമാറുമെന്നും സി.ഇ.ഒ അറിയിച്ചു.
സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നിഷ്പക്ഷവും വസ്തുതാപരവുമായ അന്വേഷണത്തിന് ക്ഷേത്ര കമ്മിറ്റി ഉത്തരവിട്ടിട്ടുണ്ട്. വീഴ്ച വരുത്തിയ ജീവനക്കാരിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ബി.കെ.ടി.സി ചെയർമാൻ ഹേമന്ത് ദ്വിവേദി വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നത് വരെ ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് നൗതിയാലിനെ ക്ഷേത്രവുമായി ബന്ധപ്പെട്ട ചുമതലകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അയോധ്യ രാമക്ഷേത്രം അടക്കം രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലെ കാണിക്ക കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കർശന നിരീക്ഷണങ്ങൾ തുടരുന്നതിനിടയിലാണ് ബദരീനാഥിലെ പുതിയ വിവാദം പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

