ലൈംഗിക പീഡന ആരോപണം: ബി.ജെ.പി ജില്ല പ്രസിഡന്റ് രാജിവെച്ചു; ഹണിട്രാപ്പ് പരാതിയിൽ യുവതിക്കെതിരെ കേസ്
text_fieldsമുംബൈ: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ബി.ജെ.പി മഹാരാഷ്ട്ര സോളാപ്പൂർ റൂറൽ ജില്ല പ്രസിഡന്റ് രാജിവെച്ചു. മഹിള മോർച്ച നേതാവായ 32കാരിയുടെ ആരോപണത്തെ തുടർന്നാണ് ജില്ല അധ്യക്ഷൻ ശ്രീകാന്ത് ദേശ്മുഖിന്റെ രാജി. ഹോട്ടൽ മുറിയിൽ നിന്നെടുത്ത വിഡിയോ സഹിതമാണ് വനിത നേതാവ് ആരോപണമുന്നയിച്ചത്. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോർട്ട്. ശ്രീകാന്ത് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. വീഡിയോ ചിത്രീകരിക്കുന്നതിൽനിന്ന് ശ്രീകാന്ത് യുവതിയെ തടയുന്നതും കാണാം.
അതേസമയം, തന്നെ ഹണിട്രാപ്പിൽ കുടുക്കിയെന്നാരോപിച്ച് ശ്രീകാന്ത് നല്‍കിയ പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതി തന്നോട് രണ്ട് കോടി രൂപയും മുംബൈയിൽ ഫ്ലാറ്റും ആവശ്യപ്പെട്ടെന്നും ഇത് നൽകിയില്ലെങ്കിൽ തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.