രാമക്ഷേത്ര സംഭാവന മോഷണത്തിൽ കുലുങ്ങാത്തവരെ മറ്റൊന്നും ലജ്ജിപ്പിക്കില്ല -അലഹബാദ് ഹൈകോടതി
text_fieldsപ്രയാഗ്രാജ്: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന മോഷണത്തെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈകോടതി. ഈ സംഭവത്തിൽ കുലുങ്ങാത്തവരെ മറ്റൊന്നും ലജ്ജിപ്പിക്കില്ലെന്ന് ജസ്റ്റിസ് അതുൽ ശ്രീധരൻ അഭിപ്രായപ്പെട്ടു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് വധശിക്ഷ വരെ പരിഗണിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. അഴിമതി അവസാനിപ്പിക്കാൻ സർക്കാർ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ 1988ലെ അഴിമതി നിരോധന നിയമത്തിൽ ഭേദഗതി വരുത്തി വധശിക്ഷ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ബുൾഡോസർ നീതി’ എന്നറിയപ്പെടുന്ന, കുറ്റാരോപിതരുടെ വീടുകൾ മുനിസിപ്പൽ നിയമലംഘനത്തിന്റെ പേരിൽ പൊളിച്ചുനീക്കുന്ന നടപടികളുമായി ബന്ധപ്പെട്ട കേസിൽ ഭിന്നവിധി രേഖപ്പെടുത്തിയ 51 പേജുള്ള വിധിയിലാണ് ജസ്റ്റിസ് ശ്രീധരന്റെ ഈ പരാമർശങ്ങൾ.
രാമക്ഷേത്രത്തിലെ സംഭാവന മോഷണം ഇന്ത്യൻ സമൂഹത്തിന്റെ സത്യസന്ധത ഏറ്റവും താഴ്ന്ന നിലയിലെത്തിയതിന്റെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി ഇന്ത്യൻ സമൂഹത്തിൽ സാധാരണവത്കരിക്കപ്പെട്ടിരിക്കുകയാണെന്നും പിടിക്കപ്പെടാത്തിടത്തോളം അത് തെറ്റല്ലെന്ന മനോഭാവമാണ് പലർക്കുമുള്ളതെന്നും അദ്ദേഹം നിരീക്ഷിച്ചു. ട്രാൻസ്പരൻസി ഇന്റർനാഷനലിന്റെ 2025ലെ അഴിമതി സൂചികയിൽ 182 രാജ്യങ്ങളിൽ ഇന്ത്യ 91ാം സ്ഥാനത്താണെന്നതുപോലും രാജ്യത്തെ ലജ്ജിപ്പിക്കുന്നില്ലെന്നും ജസ്റ്റിസ് ശ്രീധരൻ അഭിപ്രായപ്പെട്ടു.
കുറ്റകൃത്യം നടന്ന ഉടൻ വീടുകൾ പൊളിച്ചുനീക്കുന്നത് നിയമനടപടിയുടെ ഭാഗമായല്ല, മറിച്ച് ‘ബുൾഡോസർ നീതി’ ആവശ്യപ്പെടുന്ന സമൂഹത്തിന്റെ പ്രതികാരവികാരത്തെ തൃപ്തിപ്പെടുത്താനാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പൊളിച്ചുനീക്കലുകൾക്കെതിരെ സുപ്രീംകോടതി വ്യക്തമായ വിധികൾ പുറപ്പെടുവിച്ചിട്ടും അവ നിലവിലില്ലെന്ന മട്ടിലാണ് സംസ്ഥാനങ്ങൾ നടപടികൾ തുടരുന്നത്.
അനധികൃത കെട്ടിടങ്ങൾ ഒറ്റരാത്രികൊണ്ട് ഉയരുന്നതല്ലെന്നും രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണയോ അഴിമതിയോ മൂലം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മനഃപൂർവം കണ്ണടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

