യു.പി പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈകോടതി
text_fieldsലഖ്നോ: ഉത്തർപ്രദേശ് പൊലീസിന്റെ പ്രവൃത്തിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി അലഹബാദ് ഹൈകോടതി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് മാത്രമല്ല മനുഷ്യജീവൻ സംരക്ഷിക്കുന്നതിനായിരിക്കണം ഭരണകൂടം പ്രഥമ പരിഗണന നൽകേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. ബദായൂം സ്വദേശിയായ നൻകാരാം സമർപ്പിച്ച റിട്ട് ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരാമർശങ്ങൾ നടത്തിയത്. ക്രമസമാധാന പാലകർ മനുഷ്യജീവൻ സംരക്ഷിക്കുന്നതിൽ പലപ്പോഴും ജാഗ്രതപാലിക്കാറില്ലെന്നും കോടതി പറഞ്ഞു.
കുടുംബസ്വത്ത് തർക്കത്തെതുടർന്ന് അഞ്ച് പേർ തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരൻ ബദായൂം എസ്.എസ്.പി അങ്കിത ശർമ്മക്ക് പരാതി നൽകിയിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ തണുപ്പന്‍ പ്രതികരണത്തെതുടർന്ന് അദ്ദേഹം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് സംരക്ഷണം നൽകണമെന്നും കുറ്റക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഹരജിക്കാരന്റെ ജീവനുള്ള ഭീഷണി വിലയിരുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ട് ഏപ്രിൽ ആറിന് സത്യവാങ്മൂലം സമർപ്പിക്കാൻ എസ്.എസ്.പിക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ മെയ് നാലിന് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച കോടതി അതിൽ അതൃപ്തി രേഖപ്പെടുത്തി. സത്യവാങ്മൂലത്തിലെ വിവരങ്ങൾ അവ്യക്തമാണെന്നും കുടുംബതർക്കത്തിന്‍റെ തുടക്കത്തിൽ കക്ഷികൾക്കെതിരെ ബി.എൻ.എസിലെ വിവിധ വകുപ്പുകൾ പ്രകാരം എടുത്ത നടപടികളെക്കുറിച്ചും മാത്രമാണ് അതിൽ പരാമർശിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
`ഒരു കുറ്റം നടക്കുന്നത് ഒരു കാര്യമാണ്, സമാധാനം നിലനിർത്തുന്നത് മറ്റൊന്നാണ്. എന്നാൽ ഹരജിക്കാരൻ ഉന്നയിക്കുന്ന ജീവന്‍റെ ഭീഷണി ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒന്നാണ്' ഹൈകോടതി അറിയിച്ചു. ഹരജിക്കാരനെതിരായ ഭീഷണിയുടെ കാര്യത്തിൽ എസ്.എസ്.പി അശ്രദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും നാളെ പരാതിക്കാരന്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താൽ കുറ്റവാളികൾക്കെതിരെ കേസെടുക്കുന്നത് കൊണ്ട് അയാളുടെ ജീവൻ തിരികെ ലഭിക്കില്ലെന്നും കുറ്റവാളികളെ ശിക്ഷിക്കുന്നത് ഭാവിയിലെ കുറ്റകൃത്യങ്ങളെ തടയുമെന്ന് സിദ്ധാന്തപരമായി പറയാമെങ്കിലും, പ്രായോഗികമായി അത് ജീവൻ രക്ഷിക്കാൻ സഹായിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസിന്‍റെ അടുത്ത വാദം കേൾക്കുന്നതിനായി മെയ് 13ലേക്ക് മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

