നാലു മാസം കഴിഞ്ഞിട്ടും കുംഭമേള ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ല; യു.പി സർക്കാറിനെ കുടഞ്ഞ് അലഹബാദ് ഹൈകോടതി
text_fieldsഅലഹബാദ്: 2025 ജനുവരി 29ന് പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ പരാജയപ്പെട്ടതിന് യു.പി സർക്കാറിനെ ശക്തമായി വിമർശിച്ച് അലഹബാദ് ഹൈകോടതി. നഷ്ടപരിഹാരം പ്രഖ്യാപിച്ചുകഴിഞ്ഞാൽ സമയബന്ധിതവും മാന്യവുമായി അത് നൽകിയെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ബാധ്യതയാണെന്ന് കോടതി ഓർമിപിച്ചു.
ദുരന്തത്തിലെ ഇരകളിൽ ഒരാളായ ഉദയ് പ്രതാപ് സിങ് സമർപ്പിച്ച റിട്ട് ഹരജി ജസ്റ്റിസ് സൗമിത്ര ദയാൽ സിങ്, ജസ്റ്റിസ് സന്ദീപ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. സംഭവം നടന്ന് നാലു മാസം കഴിഞ്ഞിട്ടും ഹരജിക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാത്തതിൽ കോടതി നിരാശ പ്രകടിപ്പിച്ചു.
മരിച്ച സ്ത്രീയുടെ മൃതദേഹം 2025 ഫെബ്രുവരി 5ന് പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്‌റു മെഡിക്കൽ കോളജിലെ മോർച്ചറിയിൽനിന്ന് പോസ്റ്റ്‌മോർട്ടം നടത്താതെ മകന് കൈമാറിയതായി കോടതി ചൂണ്ടിക്കാട്ടി. പിന്നീട് കുടുംബത്തിന് അവരുടെ സ്വന്തം ജില്ലയായ ബീഹാറിലെ കൈമൂരിൽ ആ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടിവന്നു.
‘ഹരജിക്കാരന്റെ ഭാര്യയുടെ മൃതദേഹം മകന് കൈമാറിയെന്നത് ആശങ്കാജനകമാണ്. നാലു മാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിൽ ഒരു വിഹിതംപോലും നൽകിയിട്ടില്ല’ -കോടതി പറഞ്ഞു. സംസ്ഥാനത്തിന്റെ വിശദീകരണത്തെ ‘നിസ്സംഗത’ എന്ന് പറഞ്ഞ് കോടതി നിരസിച്ചു. വാദം കേൾക്കുന്നതിനിടെ ഹരജിക്കാരൻ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്നും അതിനാൽ പരിഗണനക്കുള്ള ഘട്ടം എത്തിയിട്ടില്ലെന്നും ചീഫ് സ്റ്റാൻഡിങ് കൗൺസൽ വാദിച്ചു.
എന്നാൽ, ഇത് കോടതി നിരാകരിച്ചു. പ്രഥമദൃഷ്ടിയിൽ സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവാത്തതും പൗരന്റെ ദുരവസ്ഥയോടുള്ള നിസ്സംഗതയുമാണ്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് പരമാവധി മാന്യതയോടെ നഷ്ടപരിഹാരം നൽകേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ് എന്നും പറഞ്ഞു.
ദൂരെ സ്ഥലങ്ങളിൽ നിന്ന് വന്ന ദുരിതബാധിത കുടുംബത്തോട് ‘പണം യാചിക്കാൻ’ ആവശ്യപ്പെടുന്നത് സംസ്ഥാനത്തിന്റെ ഭാഗത്തുനിനുള്ള നാട്യവും ഒഴികഴിവുമാണ്. മരിച്ചയാൾ ചെയ്ത ഏതെങ്കിലും തെറ്റിന്റെ പേരിലല്ല അത് സംഭവിച്ചതെന്നും കോടതി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

