വ്യാജ മതംമാറ്റക്കേസ്: ജയിലിലടച്ച യുവാവിന് യു.പി സർക്കാർ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsലഖ്നോ: മതപരിവർത്തനം ചെയ്യാൻ നിർബന്ധിച്ചുവെന്ന കെട്ടിച്ചമച്ച കേസിൽ യുവാവിനെ ജയിലിലടച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ വിധി. യുവാവിനെതിരായ എഫ്.ഐ.ആർ റദ്ദാക്കിയ അലഹബാദ് ഹൈകോടതി, തുടർനടപടികൾ അവസാനിപ്പിക്കാനും ഉത്തരവിട്ടു. ബി.എൻ.എസ്.എസ് സെക്ഷൻ 140(1) പ്രകാരമോ 2021ലെ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരമോ യുവാവ് കുറ്റമൊന്നും ചെയ്തില്ലെന്ന് വ്യക്തമാണെന്നും എന്നാൽ, പ്രോസിക്യൂഷൻ സ്ഥാപിത താൽപര്യങ്ങൾക്കായി കേസ് തുടരുകയാണെന്നും കോടതി നിരീക്ഷിച്ചു.
ഭാര്യയെ മതപരിവർത്തന സംഘം വശീകരിച്ചു തട്ടിക്കൊണ്ടുപോയി എന്ന് ചൂണ്ടിക്കാട്ടി പങ്കജ് കുമാർ വർമ്മ എന്നയാൾ നൽകിയ പരാതിയിലാണ് ഉബൈദ് എന്നയാൾ അടക്കം നാലുപേർക്കെതിരെ പൊലീസ് കേസെടുത്തത്. 2025 സെപ്റ്റംബർ 13 ന് ബഹ്‌റൈച്ചിലെ മതേര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ഭർത്താവ് നൽകിയ തെറ്റായ കേസാണിതെന്ന് പങ്കജിന്റെ ഭാര്യ വന്ദന വർമ്മ വ്യക്തമാക്കി. കേസിൽ അഞ്ചാം കക്ഷിയായി കോടതിയിൽ ഹാജരായ വന്ദന വർമ്മ, ഭർത്താവിൽ നിന്നുള്ള തുടർച്ചയായ ശാരീരിക പീഡനം കാരണം താൻ സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടുപോയതാണെന്ന് അറിയിച്ചു. മതപരിവർത്തനം നടന്നുവെന്ന ആരോപണവും അവർ നിഷേധിച്ചു. ഭർത്താവിന്റെയും ബന്ധുക്കളുടെയും സമ്മർദ്ദം മൂലമാണ് എഫ്‌ഐആർ ഫയൽ ചെയ്തതെന്നും അവർ ആരോപിച്ചു.
ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് കേസിൽ ഇരയായ യുവതി മൊഴി നൽകിയതോടെയാണ് കേസ് പൂർണമായും തെറ്റാണെന്ന് കോടതി വിധിച്ചത്. ഇതോടെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയ എഫ്‌ഐആർ റദ്ദാക്കി. നാലാഴ്ചക്കുള്ളിൽ ഉത്തർപ്രദേശ് സർക്കാർ 75,000 രൂപ നഷ്ടപരിഹാരം നൽകണം. ഇതിൽ 50,000 രൂപ ഒന്നാം നമ്പർ ഹർജിക്കാരനും 25,000 രൂപ ഹൈകോടതി ലീഗൽ എയ്ഡ് സർവിസസിൽ അടക്കാനുമാണ് ജസ്റ്റിസ് അബ്ദുൽ മോയിൻ, ജസ്റ്റിസ് ബബിത റാണി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
ബി.എൻ.എസ്.എസ് സെക്ഷൻ 140(1), 316(2), 317(2) പ്രകാരവും 2021 ലെ മതപരിവർത്തന നിയമത്തിലെ സെക്ഷൻ 3(1)(5) പ്രകാരവും രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉബൈദ് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈകോടതിയുടെ വിധി. കുറ്റാരോപിതൻ നിരപരാധിയാണെന്ന് ഇര സാക്ഷ്യപ്പെടുത്തിയിട്ടും ആറ് ആഴ്ചയോളം തടവിലിട്ട സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാമെന്നും ഹൈകോടതി വ്യക്തമാക്കി. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകൻ ശൈഖ് മുഹമ്മദ് അലിയും പ്രോസിക്യൂഷന് വേണ്ടി സർക്കാർ അഭിഭാഷകൻ ഡോ. വി.കെ. സിങ്ങും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

