നിയമവിരുദ്ധ തടങ്കലിന് പ്രതിദിനം 25,000 രൂപ പിഴ; തുക മജിസ്‌ട്രേറ്റിന്‍റെയും പൊലീസിന്റെയും ശമ്പളത്തിൽനിന്ന് ഈടാക്കണം; നിർണായക ഉത്തരവുമായി അലഹബാദ് ഹൈകോടതി
text_fieldsലഖ്‌നൗ: കരുതൽ തടങ്കൽ നിയമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിൽ നിർണായക ഇടപെടലുമായി അലഹബാദ് ഹൈകോടതി. ക്രമസമാധാന ലംഘനം ആരോപിച്ച് വ്യക്തികളെ 24 മണിക്കൂറിലധികം അനധികൃതമായി തടങ്കലിൽ വെച്ചാൽ സർക്കാർ പ്രതിദിനം 25,000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഈ തുക വീഴ്ചവരുത്തിയ മജിസ്‌ട്രേറ്റുമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ശമ്പളത്തിൽനിന്ന് ഈടാക്കണമെന്നും ജസ്റ്റിസുമായി സിദ്ധാർഥ്, വിനയ് കുമാർ ദ്വിവേദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയെടുക്കാനും കോടതി ഉത്തവിൽ പറയുന്നു.
യു.പിയിലെ പൊലീസ് ഉദ്യോഗസ്ഥരും മജിസ്‌ട്രേറ്റുമാരും നിരുത്തരവാദപരമായ രീതിയിലാണ് പെരുമാറുന്നതെന്നും കോടതി നിരീക്ഷിച്ചു. ക്രമസമാധാന ലംഘനമുണ്ടാകുമെന്ന വെറും സംശയത്തിന്റെ പേരിൽ മാത്രം ആളുകളെ ദിവസങ്ങളോളം ജയിലിലടയ്ക്കുന്നത് പതിവായിരിക്കുകയാണ്. ഇത്തരത്തിലുള്ള കേസുകളിൽ മജിസ്‌ട്രേറ്റുമാർ എങ്ങനെ ഇടപെടണമെന്ന സർക്കാർ നയം യു.പിയിൽ നിലവിൽ ഉണ്ട്. എന്നിട്ടും 50,000 രൂപയുടെ ബോണ്ടും ഒന്നോ രണ്ടോ ജാമ്യക്കാരെയും ഉദ്യോഗസ്ഥർ നിർബന്ധപൂർവം ആവശ്യപ്പെടുകയാണ്. ഇത് നിയമ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വ്യക്തിസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന കേസുകളിൽ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച സുപ്രീകോടതിയുടെ മുൻ ഉത്തരവുകളും ഹൈകോടതി പരാമർശിച്ചിരുന്നു. ഭരണകൂടം മൗലികാവകാശങ്ങൾ ലംഘിക്കുകയാണെങ്കിൽ സാമ്പത്തിക നഷ്ടപരിഹാരം നിയമപരമാരമായ അവകാശമാണെന്ന് ബെഞ്ച് വ്യക്തമാക്കി.
ക്രമസമാധാന ലംഘനം തടയുന്നതിനായി കസ്റ്റഡിയിലെടുക്കുന്ന വ്യക്തികളിൽനിന്ന് പണമോ ജാമ്യക്കാരെയോ ആവശ്യപ്പെടാതെ വ്യക്തിഗത ബോണ്ട് മാത്രം സ്വീകരിച്ച് വിട്ടയക്കണമെന്ന് കോടതി പറഞ്ഞു. പ്രത്യേക കാരണങ്ങൾ രേഖപ്പെടുത്താതെയുള്ള ബോണ്ട് തുക 20,000 രൂപയിൽ കവിയരുത്. കസ്റ്റഡിയിലെടുത്ത ദിവസം തന്നെ ബോണ്ട് സമർപ്പിക്കുകയാണെങ്കിൽ തടവുകാരെ ഉടൻ തന്നെ മോചിപ്പിക്കണം. ഒരാൾ ബോണ്ട് ഒപ്പിടാൻ വിസമ്മതിച്ചാൽ, ജയിലിലേക്ക് അയക്കുന്നതിന് മുമ്പ് ആ വിവരം രേഖാമൂലവും ഓഡിയോ-വിഡിയോ മാധ്യമങ്ങൾ വഴി രേഖപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. നിയമവിരുദ്ധമായി 24 മണിക്കൂറിലധികം തടങ്കലിൽ വെക്കുന്ന പക്ഷം പ്രതിദിനം 25,000 രൂപ നിരക്കിൽ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണം. ഈ തുക പിന്നീട് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്ന് ഈടാക്കണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
യു.പിയിലെ പൊലീസ് കമീഷണറേറ്റുകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു. പ്രയാഗ്‌രാജ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 4,847 പേരെയാണ് കരുതൽ തടങ്കലിലാക്കിയത്. ഇവരിൽ പലരും ആഴ്ചകളോളം ജയിലിൽ കഴിയേണ്ടി വന്നതായി രേഖകൾ വ്യക്തമാക്കുന്നു.
ഗാസിയാബാദ് പൊലീസിന്റെ അനധികൃത തടങ്കലിനെതിരെ അലഹബാദ് ഹൈകോടതിയിലെ ഭിന്നശേഷിക്കാരനായ അഭിഭാഷകൻ ചന്ദർ പാൽ സിങ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഈ സുപ്രധാന വിധി. അയൽവാസിയുമായുള്ള തർക്കത്തെ തുടർന്ന് ഫെബ്രുവരി 22നാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാതെ ഇദ്ദേഹത്തെ ജയിലിലടയ്ക്കുകയായിരുന്നു. സിങ്ങിന് 75,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഈ തുക ആറ് ആഴ്ചയ്ക്കകം ബന്ധപ്പെട്ട അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ, എസ്.എച്ച്.ഒ എന്നിവരിൽ നിന്ന് ഈടാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യു.പി പൊലീസിന്റെ അമിതാധികാര പ്രയോഗങ്ങൾക്കെതിരെ കോടതിയിൽനിന്ന് തുടർച്ചയായ വിമർശനങ്ങളാണ് ഉണ്ടാകുന്നത്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, തിരഞ്ഞുപിടിച്ചുള്ള അടിച്ചമർത്തലുകൾ, ഗുണ്ടാ ആക്ടിന്റെ ദുരുപയോഗം എന്നിവയിൽ മുൻപും ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിധി പകർപ്പ് സംസ്ഥാനത്തെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും അയച്ചു നൽകാനും ഡി.ജി.പിക്ക് കോടതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

